തിരുവല്ല: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവ സഭകളും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും നിരന്തരമായി ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് അഭിപ്രായം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്വാഗതം ചെയ്യുന്നു എന്ന് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാതിരുന്ന വീഴ്ച മറച്ചുവെക്കുന്നതിനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ക്രൈസ്തവ സമൂഹത്തെ ആശ്വസിപ്പിക്കുന്നതിനും ഉള്ള നടപടിയായി ഇത് മാറില്ല എന്ന് കരുതുന്നു. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഭിപ്രായം അറിയിക്കുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് അയച്ചു കൊടുത്തിട്ടും നാളിതുവരെയായി സര്‍ക്കാര്‍ വകുപ്പുകള്‍ പ്രതികരിച്ചില്ല എന്നത് ക്രൈസ്തവ സമൂഹത്തിന് അനുകൂലമായി നടപ്പിലാക്കേണ്ടുന്ന പദ്ധതികള്‍ ഇല്ലാതാക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഒരു ലോബി സെക്രട്ടറിയേറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്ന സംശയം വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് കണ്ണില്‍ പൊടിയിടാന്‍ ഉള്ള നീക്കമായി ഇതിനെ കരുതാതിരിക്കണമെങ്കില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ള അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍ ആയ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചത് തിരിച്ചു നല്‍കുവാനും ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തിനെതിരായി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുന്നതിനും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ തയ്യാറാകണം. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നടത്തിയ അവകാശ സംരക്ഷണ നീതി യാത്രയില്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങളായ ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തിനെതിരായി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുക, ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ നിഷേധിച്ച ആനുകൂല്യങ്ങള്‍ തിരിച്ച് നല്‍കുക, ക്രൈസ്തവ പൂര്‍ണ്ണസമയ സുവിശേഷ പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ വിവിധ സമര പ്രചാരണ പരിപാടികളുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മുന്‍പോട്ട് പോകും എന്നും ജനറൽ സെക്രട്ടറി അറിയിച്ചു.