കോഴിക്കോട് : താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രസവവേദനയുമായെത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് മാർച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
താമരശേരി ആശുപത്രിയിലെത്തിയ ഗർഭിണിയോട് ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് രോഗിയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ കുഞ്ഞ് പുറത്തേക്ക് വരുന്നതു കണ്ടപ്പോൾ അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെന്നാണ് പരാതി. യഥാസമയം പുറത്തു വരാൻ കഴിയാതെ തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് 2 മാസമായി വെന്റിലേറ്ററിലാണ്. കഴിഞ്ഞ ഡിസംബർ 13 നാണ് സംഭവമുണ്ടായത്. മെഡിക്കൽ കോളേജിൽ സുഖപ്രസവമാണ് നടന്നത്. പക്ഷേ അടിവസ്ത്രം വലിച്ചു കെട്ടിയതു കാരണമാണ് തലച്ചോറിന് ക്ഷതമുണ്ടായതെന്ന് അമ്മ പറയുന്നു.