കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എലത്തൂർ പോലീസ് സ്റ്റേഷനിലെത്തിയ പൊതുപ്രവർത്തകനെതിരെ പോലീസ് അകാരണമായി കേസെടുത്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. രോഗിയായ അമ്മയുടെ കാലിൽ പൊട്ടലുണ്ടായതിനെ കുറിച്ചും അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദ്ദേശം നൽകി. എരഞ്ഞിക്കൽ താഴെ തൊടുകയിൽ യു.വി. ആദം സമർപ്പിച്ച പരാതിയിലാണ് നടപടി.
എരഞ്ഞിക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും കുതിരവട്ടം ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് താൻ സ്റ്റേഷനിലെത്തിയതെന്ന് പരാതിയിൽ പറയുന്നു. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയ ആമ്പുലൻസ് ഡ്രൈവർ പോലീസ് സാന്നിധ്യം ആവശ്യപ്പെട്ടതുകൊണ്ടാണ് സ്റ്റേഷനിലെത്തിയതെന്നും പരാതിയിലുണ്ട്. എന്നാൽ പോലീസ് തന്നോട് തട്ടികയറി. ഇതിനുപിന്നാലെ തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് അമ്മയെയും മകളെയും കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ അമ്മയുടെ കാലിലെ എല്ല് പൊട്ടിയതായി ആശുപത്രി അധികൃതർ തന്നെ വിളിച്ചറിയിച്ചതായി പരാതിക്കാരൻ പറഞ്ഞു. അമ്മയുടെ കാൽ പൊട്ടിയതെങ്ങനെ എന്ന് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അമ്മ കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം വീട്ടിലെത്തിയിട്ടുണ്ട്. അമ്മയെയും മകളെയും എം.എസ്.എസ് എരഞ്ഞിക്കൽ എന്ന സംഘടന ദത്തെടുത്ത് സംരക്ഷിച്ചുവരികയായിരുന്നു.
ഏപ്രിലിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.