ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31ന് ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്‍ഡ്യ മുന്നണി മഹാറാലി സംഘടിപ്പിക്കും. ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികളായ എഎപിയും കോണ്‍ഗ്രസുമാണ് ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റാലി പ്രഖ്യാപിച്ചത്.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി മോദി അന്വേഷണ ഏജന്‍സികളെ ഓരോന്നായി ദുരുപയോഗം ചെയ്യുകയാണെന്നും ജനാധിപത്യവും രാജ്യവും അപകടത്തിലാണെന്നും എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. രാജ്യത്തിന്റെ താല്‍പ്പര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഇന്‍ഡ്യ മുന്നണിയിലെ എല്ലാകക്ഷികളും ചേര്‍ന്ന് മഹാ റാലി നടത്തും.
മാര്‍ച്ച് 31ലെ മഹാറാലി രാഷ്ട്രീയ റാലി ആയിരിക്കില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനും കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്താനുമുള്ള ആഹ്വാനമായിരിക്കുമെന്നും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിയും വ്യക്തമാക്കി.
ഔദ്യോഗിക വസതിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് 21 നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഔദ്യോഗിക വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. പിന്നീട് റോസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിനെ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. മാര്‍ച്ച് 28വരെയാണ് കസ്റ്റഡി കലാവധി.