തിരുവമ്പാടി : മരണാനന്തരം റിട്ട. സബ് ഇൻസ്പെക്ടറുടെ സർവ്വീസ് ഡയറി വൈറലാകുന്നു. 2024 ഫെബ്രുവരി 27ന് അന്തരിച്ച തിരുവമ്പാടി പാലക്കടവ് സ്വദേശി റിട്ട. സബ് ഇൻസ്പെക്ടർ പി.വി. മാത്യു , തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനയുടെ പാരിഷ് ബുള്ളറ്റിനായ ” ഹൃദയനാഥ” ത്തിന് നൽകിയ അഭിമുഖമാണ് സേനയിൽ ചർച്ചയായത്. ബുള്ളറ്റിനിലെ – ഓർമ്മചെപ്പ് തുറക്കുമ്പോൾ – എന്ന പംക്തിയിൽ പി.വി. മാത്യു എഴുതിയ സർവ്വീസ് ഡയറിയിലെ ഭാഗങ്ങൾ താഴെ – കാക്കിക്കുള്ളിലെ കാർക്കശ്യത്തിൽ ജീവിച്ച 34 വർഷത്തെ അനു ഭവങ്ങൾ: പോലീസ് ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞ് 25 വർഷം കഴിയുന്ന ഈ അവസരത്തിൽ, എരിവും പുളിയും കയ്‌പും മധു രവും എല്ലാം നിറഞ്ഞ സർവ്വീസ് കാലത്തെ അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ്. മറ്റേതു സേവനമേഖലകളെക്കാളും പോലീസുകാരന്റേത് തികച്ചും വിഭിന്നമാണ്. എല്ലാവർക്കും വേണം എന്നാൽ എല്ലാവർക്കും അകൽച്ചയും. ജനങ്ങളുടെ സ്വൈര്യജീവിതത്തിനും ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനും നീതി നടത്താനും നിയമം സംരക്ഷിക്കാനും പോലീസ് എല്ലാവർക്കും വേണം. എന്നാൽ കള്ളൻമാർക്കും കുറ്റവാളികൾക്കും മാത്രമല്ല ഭരിക്കുന്നവർക്കും ഭരണമില്ലാത്തവർക്കും വിദ്യാർത്ഥികൾക്കും സമരക്കാർക്കും മദ്യപാനികൾക്കും മദ്യവിരുദ്ധർക്കും എല്ലാം പോലീസിനോട് ദേഷ്യം. എല്ലാ കൂട്ടരുടെയും കല്ലേറുകൊള്ളാനും ചീത്തകേൾക്കാനുമുള്ള യോഗം. യൂണിഫോമിനകത്തായാലും പുറത്തായാലും സുഹൃത്തുക്കൾ തീരെ കുറവ്. മുകളിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരുന്നാൽ സ്ഥലംമാറ്റം-സസ്പെൻഷൻ ജഗപൊഗ. 34 വർഷത്തിനുള്ളിൽ തിരുവനന്തപുരം മുതൽ വയനാടു വരെ എട്ട് ജില്ലകളിലായി 38 സ്ഥലം മാറ്റങ്ങൾ! കുടുംബത്തേയും കുഞ്ഞുങ്ങളേയും വാരിക്കൂട്ടി പൊട്ടിപ്പൊളിഞ്ഞ പോലീസ് ക്വാർട്ടേഴ്‌സുകൾ തേടിയുള്ള നിരന്തര യാത്ര.
തിരുവല്ലക്കടുത്ത് മാന്നാറിലാണ് എന്റെ ജനനം. പിതാവ് പുതുപ്പറമ്പിൽ വർക്കി. അമ്മ ചേപ്പാട് വളയത്തിൽ കുടുംബാം ഗമായ ഏലിയാമ്മ. പിതാവും അദ്ദേഹത്തിൻറെ രണ്ടു സഹോദരൻമാരും, വല്യപ്പൻ പി.വി. ചെറിയാനുമെല്ലാം തിരുവിതാംകൂർ പോലീസ് ഉദ്യോഗസ്ഥന്മാരായിരുന്നു. അന്നും ഇന്നും ഞങ്ങളുടെ കുടുംബത്തിൽ പോലീസ് വകുപ്പിൽ ധാരാളം പേരുണ്ട്. 1956 ൽ കേരളാപോലീസിലെ ഹെഡ്കോൺസ്റ്റബിൾ ആയി റിട്ടയർ ചെയ്‌തതിനു ശേഷം 1963 ൽ പിതാവ് വർക്കി കുടുംബത്തോടൊപ്പം മലബാറിലെ -തിരുവമ്പാടിയിലേക്ക് പോന്നു. ഞങ്ങൾ മൂന്ന് ആൺമക്കളും 5 പെൺമക്കളും. ഫിഫ്ത് ഫോം പാസ്സായി ആലപ്പുഴയിലെ ഒരു കയർ ഫാക്ടറിയിൽ ക്ലാർക്ക് ആയി ജോലിചെയ്തിരുന്ന ചേട്ടനാണ് (മനോരമ ചെറിയാൻ) ആദ്യം തിരുവമ്പാടിയിലെത്തിയത്. ബന്ധുക്കൾ മുഖേന 1953 ൽ തന്നെ തിരുവമ്പാടിയിൽ എത്താനും പാത്രക്കടയും, മനോരമ – മാതൃഭൂമി ഏജൻസിയും തുടങ്ങാനും അദ്ദേഹത്തിന് ഇടയായി. സ്‌കൂൾ അവധി വരുമ്പോൾ ഞങ്ങൾ അനിയന്മാരും തിരുവമ്പാടിയിൽ വന്ന് കടയിൽ സഹായിക്കുമായിരുന്നു. അങ്ങനെ 1953 മുതൽ തന്നെ എനിക്കു തിരുവമ്പാടി പരിചിതമായി.
സ്‌കൂൾ പഠനകാലത്ത് എൻ.സി.സി. യിലും ഫുട്ബോൾ ടീമിലും അംഗമായിരുന്നതിനാൽ ഫോർത്ത് ഫോം കഴിഞ്ഞയുടൻ തന്നെ പോലീസിൽ സെലക്ഷൻ കിട്ടി. ട്രെയിനിംഗ് കഴിഞ്ഞ് ആദ്യ നിയമനം കോഴിക്കോട് ഏ.ആർ. ലേക്ക് (ആംഡ് റിസർവ്വ്). ഇന്നത്തെക്കാൾ സമരങ്ങളും മറ്റും കുറവായിരുന്നതിനാൽ ജയിൽപുള്ളികളെ കോടതിയിൽ കൊണ്ടുപോകൽ, എസ്കോർട്ട് പോകൽ, തോട്ടം തൊഴിലാളി സമരക്കാരെ പിരിച്ചുവിടൽ തുടങ്ങിയ ലഘുവായ ഉത്തരവാദിത്വങ്ങളെ ഉണ്ടായിരുന്നുള്ളൂ. കാക്കി നിക്കറും ഉടുപ്പും കറുത്ത ബൂട്ടും പട്ടീസും വിസിൽ കോഡും ചരിഞ്ഞ തൊപ്പിയും ആയിരുന്നു എ.ആർ. യൂണിഫോം. സ്റ്റേഷൻ ഡ്യൂട്ടിക്കാർക്ക് മുകൾഭാഗം കൂർത്ത തൊപ്പിയും. 41 രൂപയാണ് ശമ്പളം. ഓരോ കൊല്ലത്തിലും ഒരു രൂപ ഇൻക്രിമെന്റ്. 41 രൂപയിൽ 25 രൂപ എല്ലാ മാസവും അപ്പച്ചന് അയച്ചുകൊടുക്കും. 1959 ലെ വിമോചന സമരം വലിയ സംഭവം തന്നെയായിരുന്നു. എനിക്കന്ന് പേരാമ്പ്രയിൽ ആയിരുന്നു ഡ്യൂട്ടി. അവിടെ കാര്യമായ ക്രമസമാധാന പ്രശ്നമൊന്നും ഉണ്ടായില്ല. 1962 ൽ ആലപ്പുഴ എ.ആർ. ലേക്കും തുടർന്ന് ആലപ്പുഴ നോർത്ത് സ്റ്റേഷനിലേക്കും മാറ്റം. കുടുംബാംഗങ്ങൾ മലബാറിലേക്ക് പോന്നതോടെ നാട്ടിൽ ഞാൻ തനിച്ചായി. മനോരമയുടെ ചീഫ് എഡിറ്റർ ശ്രീ. കെ.എം. മാത്യുവും , മനോരമയുടെ തിരുവമ്പാടി ലേഖകൻ കൂടിയായിരുന്ന എൻ്റെ ജേഷ്ഠൻ ചെറിയാൻ ചേട്ടനും വലിയ സൗഹൃദത്തിൽ ആയിരുന്നു. ആ ബന്ധം എനിക്ക് പല അവസരത്തിലും സഹായകമായിട്ടുണ്ട്. എൻ്റെ ചേട്ടൻ പി.വി. ചെറിയാൻ ഒരിക്കൽ കോട്ടയത്ത് ചെന്നപ്പോൾ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ മനോരമയിൽ ഉണ്ടായിരുന്നു. ചേട്ടൻ എനിക്കുവേണ്ടി ശുപാർശചെയ്തതി നാൽ ഉടനെതന്നെ മലബാറിലേക്ക് മാറ്റം തന്നു. 1963 ൽ കൊയി ലാണ്ടി സ്റ്റേഷനിൽ നിയമനം കിട്ടി. അവിടെ ആയിരുന്ന കാലത്താണ് എൻ്റെ വിവാഹം. 1964 ൽ താമരശ്ശേരിയിലേക്ക് ട്രാൻസ്‌ഫർ വാങ്ങി.
പോലീസ് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ് താമരശ്ശേരിയിലേത്. പുതുപ്പാടിയിലെ ധനാഡ്യനായിരുന്ന പാലക്കൽ തൊമ്മൻ വധക്കേസിലെ പ്രതികളെ പിടിക്കാനുള്ള സാഹസ യാത്ര അവിസ്‌മരണീയമാണ്. തൊമ്മനെ വധിച്ചത് സഹോദരന്മാരായ കുഞ്ഞും ചാക്കോയും കൂടിയാണ്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ യാത്ര വീട്ടിൽ ഒളിച്ചിരുന്ന ചാക്കോയെ രാത്രി 3 മണിക്ക് വീടുവളഞ്ഞ് കീഴ്പെടുത്തി. ചാക്കോയെ കൈകാര്യം ചെയ്‌തപ്പോൾ ‘ആന വർക്കി’ എന്ന വാടകകൊലയാളിയെക്കൊണ്ടാണ് കൊല്ലിച്ചത് എന്നു വ്യക്തമായി. കാട്ടാനകളെ കൊന്ന് കൊമ്പ്എടുത്ത് വിറ്റ നിരവധി കേസുകൾ ഉള്ളതിനാലാണ് ആന വർക്കി എന്ന പേര് വീണത്. പോലീസിൻ്റെ ഒരായുധവും ഇല്ലാതെ മഫ്‌ടിയിലാണ് പുൽപ്പള്ളിയിലേക്ക് പുറപ്പെട്ടത്. പക്ഷെ എസ്.ഐ. യുടെ അറിവോടെ കൈനടി കറിയാച്ചൻ്റെ പക്കൽനിന്ന് ഒരു ഡബിൾ ബാരൽ തോക്ക് സംഘടിപ്പിച്ചിരുന്നു. എൻ്റെ കൂടെയുള്ള രണ്ട് കോൺസ്റ്റബിൾമാരും . റിട്ടയർ ചെയ്യാനായവർ. പനമരം വരെ ബസ്സിന്. പിന്നെ കാട്ടുവഴികളിലൂടെ നാല് മണിക്കൂർ നടന്ന് പുൽപ്പള്ളിയിൽ എത്തി. ഒരു എക്സ് മിലിട്ടറിക്കാരൻ വഴി ആനവർക്കിയുടെ വഴിത്താര മനസ്സിലാക്കി. മൂന്നു സ്ഥലത്തായി രാത്രി 10 മണിമുതൽ ഒളിച്ചിരുന്നു. പാതിരാ കഴിഞ്ഞപ്പോൾ ഞാൻ ഒളിച്ചിരുന്ന കപ്പത്തോട്ടത്തോടു ചേർന്ന തോട്ടിൽ ഒരു അനക്കം. ഒന്നാന്തരം ഒരു ഒറ്റയാൻ തൊട്ടടുത്ത്. കൊടുംത ണുപ്പിൽ തണുത്തുവിറയ്ക്കുമ്പോഴും നന്നായി വിയർത്തു. ശ്വാസമടക്കി മണ്ണിൽ കമിഴ്ന്നു കിടന്നു. നേരം പുലർന്നു. രാവിലെ ചായക്കടയിലേക്ക് കയറിപ്പോയ ആജാനബാഹുവായ വർക്കിയെ കണ്ടതോടെ എന്റെ കൂട്ടുകാർ രണ്ടും വിറച്ചുതുടങ്ങി. ഞാൻ കടയുടെ പിന്നിലൂടെ കയറിച്ചെന്ന് വർക്കിയുടെ തോളിൽ കൈ അമർത്തി. ദൈവാനുഗ്രഹമെന്നു പറയാതെ വയ്യ, വലിയ പ്രതിരോധമില്ലാതെ വർക്കി കീഴടങ്ങി. ഞങ്ങൾ വിലങ്ങുവെച്ചു. വീണ്ടും പനമരം വരെ കാട്ടിലൂടെ നടന്നു. താമരശ്ശേരിക്ക് ഫോൺ ചെയ്തു. എസ്.ഐ. കൊണ്ടുവന്ന ജീപ്പിൽ പ്രതിയേയും കൊണ്ട് തിരികെ വരും വഴി കാട്ടുവഴിയിൽ ജീപ്പ് കേടായി. വർക്കിയേയും കൂട്ടി ചെതലയം വരെ കാട്ടിലൂടെ നടന്ന് സി.ഡബ്ലിയു.എം.എസ്. ബസ്സിൽ കയറ്റി താമരശ്ശേരിയിൽ എത്തിച്ചു. മൂന്നുദിവസത്തെ ആഹാരംപോ ലുമില്ലാത്ത യാത്ര മറക്കാൻ കഴിയില്ല. (കേസിൽ തൊമ്മന്റെ ഭാര്യ കൂറുമാറി മൊഴിമാറ്റിയതിനാൽ പ്രതികൾ രക്ഷപ്പെട്ടത് പിന്നീടുള്ള கம).
പ്രതികളെ കീഴടക്കാനുള്ള ശ്രമത്തിൽ നന്നായി പരിക്കുപറ്റിയ അനുഭവങ്ങളുണ്ട്. സത്യം പറയിപ്പിക്കാൻ അത്യാവശ്യം ‘തലോടൽ’ കൊടുക്കാതെയും പറ്റില്ല. 1978 ൽ ഞാൻ മുക്കം സ്‌റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ ആയിരിക്കുമ്പോൾ, ഇന്ദിരാഗാന്ധിയെ അലഹബാദ് ഹൈക്കോടതി വിധിപ്രകാരം അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് മുക്കത്തും പരിസരത്തും പ്രതിഷേധ പ്രകടനം നടന്നു. എസ്.ഐ. സ്ഥലത്തില്ലാത്തതിനാൽ എനിക്കാണ് ചാർജ്ജ്. പ്രകടനക്കാർ പോസ്റ്റ് ഓഫീസ് ആക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ കുഞ്ഞനെ കമ്പിവടിക്ക് അടിച്ചുവീഴിക്കുകയും പോലീസ് സ്റ്റേഷനിലെ ടെലഫോൺ പോസ്റ്റ് തകർക്കുകയും ചെയ്തു. കേസ് ഗുരുതരമാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് എസ്.ഐ. യെ ഫോ ണിൽ അറിയിച്ചു. രാത്രിയിൽ രാത്ര എസ്.ഐ. വന്നുകഴിഞ്ഞ് പ്രമുഖരായ ഒൻപത് സമരനേതാക്കളെ അറസ്റ്റ് ചെയ്‌തു. ദേഹപരിശോധനയ്ക്കായി ഷർട്ട് ഊരാൻ പറഞ്ഞ എസ്.ഐ. യോട് “തൻ്റെ ഷർട്ടും തൊപ്പിയും ഞാൻ ഊരിക്കും” എന്ന് കോൺഗ്രസ് നേതാവിൻ്റെ മറുപടി.(നേതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ) എസ്.ഐ. എന്നെയൊന്ന് നോക്കി. കാര്യം മനസ്സിലായി. അത്യാവശ്യം…. കൊടുത്തു. രണ്ട്പേ ർക്ക് കിട്ടിക്കഴിഞ്ഞപ്പോൾ ബാക്കി ഏഴുപേരും ഷർട്ടുമാത്രമല്ല മുണ്ടും അഴിച്ചു. കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികളെ ലോക്കപ്പു ചെയ്തു. പിറ്റേന്ന് വെസ്റ്റ്ഹിൽ കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസ് ഊരിപ്പോയി എന്നത് സ്വാഭാവികം. പക്ഷെ പ്രമുഖനായ നേതാവ് ‘വാക്കുപാലിച്ചു’. മറ്റൊരു അടിപിടി കേസിലെ വാദിയെ എന്റെ വിശ്രമമുറിയിൽ കടത്തിവിട്ട് സിഗരറ്റ് പാക്കറ്റിൽ 100 രൂപ ഒളിപ്പിച്ചുവെച്ച് വിജിലൻസിനെക്കൊണ്ട് എന്നെ അറസ്റ്റുചെയ്യിച്ചു. ഒന്നര വർഷം സസ്പെൻഷൻ. ജേക്കബ് പുന്നൂസ് സാർ കോഴിക്കോട് കമ്മീഷണർ ആയി വന്നപ്പോൾ, എൻ്റെ ജേഷ്ഠൻ ചെറിയാൻ ചേട്ടൻ്റേയും എൻ്റെയും ഉറ്റ സുഹൃത്തായ എം.എൽ.എ. സിറിയക് ജോണിൻ്റെ ശുപാർശയിൽ സസ്പെൻഷൻ പിൻവലിച്ച് കോതമംഗലത്ത് പോസ്റ്റിംഗ് തന്നു. അവിടെ മറ്റൊരു സംഭവമുണ്ടായി. ഒരു കൊടും പ്രതിയെ അന്വേഷിച്ച് പോയതാണ്. അയാളുടെ ഏരിയയിൽ എത്തി വഴിയിൽ കണ്ട ആളോട് പ്രതിയെ കുറിച്ച് ചോദിച്ചു. ഉടനെ അയാൾ മുണ്ടുപൊക്കിയിട്ട് , പ്രതി ഇങ്ങോട്ടാ പോയതെന്ന് പറഞ്ഞു. ആൾക്കാരുടെ മുന്നിൽ വച്ചായിരുന്നു യൂനിഫോമിലുള്ള എന്നോടുള്ള ധിക്കാരം . ഒന്നും ആലോചിച്ചില്ല, കാലുമടക്കി ഒറ്റയടി, മുണ്ടുപൊക്കി നിന്നവൻ അതാ കിടക്കുന്നു. പക്ഷെ പിന്നീടാണ് ട്വിസ്റ്റ്. ഒരു കാലിന് ശേഷി കുറഞ്ഞ ആളായിരുന്നു അദ്ദേഹം. മടക്കിക്കുത്തഴിച്ച് നിന്നിരുന്നതിനാൽ അത് ഞാൻ കണ്ടില്ല. പക്ഷെ ഭിന്നശേഷിക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ എനിക്ക് പോത്താനിക്കാട് സ്റ്റേഷനിലേക്ക് പണിഷ്മെൻ്റ് ട്രാൻസ്ഫർ. മുക്കം കേസിൽ അഡ്വ. രത്നസിംഗ് ആയിരുന്നു എന്റെ വക്കീൽ മൂന്നുവർഷത്തിനുശേഷം എനിക്ക് അനുകൂലമായി വിധിവന്നു. സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ ഇപ്പോഴും നേതൃത്വം വഹിക്കുന്ന പ്രസ്‌തുത നേതാവുമായി ഇപ്പോൾ സൗഹൃദത്തിലാണെന്നതും സത്യം. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ എ.എസ്.ഐ. ആയിരുന്ന പ്പോഴും കിട്ടി ഒരു സസ്പെൻഷൻ. ഒരു പാർട്ടിക്കാരന് അനുകൂലമായി കേസ് ഡയറി മാറ്റിയെഴുതാത്തതിൻ്റെ വാശിതീർത്ത് “കൈക്കൂലിക്കാരൻ’ എന്ന് പത്രവാർത്തയും കൊടുത്തു. അഡ്വ. രത്നസിംഗ് തന്നെ വാദിച്ച ഈ കേസും പിന്നീട് തള്ളിപ്പോയെങ്കിലും എന്റെ എസ്. ഐ. പ്രമോഷൻ വൈകാനിടയായി. മുഖ്യമന്ത്രി ശ്രീ. കരുണാകരൻ കോഴിക്കോട് കലക്ട്രേറ്റിൽ നടത്തിയ ‘മുഖാമുഖം’ പരിപാടിയിൽ മുൻകൂട്ടി അനുവാദം വാങ്ങാതെ തന്നെ ഞാൻ കടന്നുചെന്ന് കാര്യം ബോധിപ്പിച്ചു. കാര്യം ഗ്രഹിച്ച് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ എൻ്റെ പ്രൊമോഷൻ സാങ്ഷൻ ചെയ്ത‌് ഉത്തരവായ അദ്ദേഹത്തെ
കൃതജ്ഞതയോടെ ഓർക്കുന്നു. കോഴിക്കോട് ടൗൺ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തപ്പോൾ ഗുണ്ടകളുമായി ഏറ്റുമുട്ടേണ്ട പല അവസരങ്ങൾ ഉണ്ടായി. അന്ന് വൈറ്റ് പട്രോളിങ്ങ് എന്നൊരു സംവിധാനമുണ്ട്. വെള്ളനിറമടിച്ച പോലീസ് ജീപ്പിൽ പട്രോളിങ് നടത്തും. രാത്രി ആയാൽ നാടകുത്തുകാരും, പിടിച്ചു പറിക്കാരും, പ്രാദേശിക ഗുണ്ടകളും മാവൂർ റോഡ് , റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിൽ തമ്പടിക്കും. ഇവരെ തുരത്തുന്ന രാത്രികാല പട്രോളിങ് ഒരനുഭവമാണ്. ആ വെള്ള ജീപ്പ് കാണുമ്പോഴേ ക്രിമിനലുകൾ ഊടുവഴികളിലൂടെ പമ്പകടക്കും. പിടിയിലായവരെ നന്നായി കൈകാര്യം ചെയ്യുമെന്നത് അവരുടെ ഇടയിൽ സംസാരമായതാണ് ജീപ്പ് കാണുമ്പോഴേ ഓടാൻ കാരണം . 1980 ൽ ശ്രീ. വയലാർ രവി
ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് യൂണിഫോം നവീകരിച്ച് നിക്കറിനു പകരം പാന്റ് സും പരന്ന തൊപ്പിയും ആക്കിയത്. നക്സലെറ്റുകൾ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ച കാലത്ത് ഞാനാ സ്റ്റേഷനിൽ ആണെങ്കിലും അന്നവിടെ ഉണ്ടായിരുന്നില്ല.
കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ, എ.എസ്.ഐ., എസ്. ഐ. തസ്‌തികകളിലായി 36 സ്റ്റേഷനുകളിൽ ജോലി ചെയ. ആലപ്പുഴ, കൊയിലാണ്ടി, താമരശ്ശേരി, കൂരാച്ചുണ്ട്, വൈത്തിരി, കോടഞ്ചേരി, ചെമ്മങ്ങാട്, സുൽത്താൻബത്തേരി, തിരൂർ, മുക്കം, മെഡിക്കൽകോളേജ്, നടക്കാവ്, കുന്ദമംഗലം, പോത്താനിക്കാട്, കോതമംഗലം, ബാലുശ്ശേരി എന്നിവ അവയിൽ ചിലത്. 1992 ൽ കൽപ്പറ്റയിൽ സ്പെഷ്യൽ ബ്രാഞ്ച് സബ്‌ഇൻസ്പെക്‌ടറായി സർവ്വീസിൽ നിന്ന് പിരിഞ്ഞു. മേലുദ്യോഗസ്ഥൻ്റെ ഉത്തരവ് നടപ്പാക്കാൻ കീഴുദ്യോഗസ്ഥൻ ബാധ്യസ്ഥനാണ്. എന്നിരുന്നാലും ഡ്യൂട്ടിക്കാലത്ത് അകാരണമായി ആരേയും ഉപദ്രവിച്ചിട്ടില്ല. പോലീസുകാരൻ്റെ ഡ്യൂട്ടിയിൽ കരുണ പാടില്ല എന്നാണ് പറയുക. സത്യം പറയിക്കാൻ അൽപം കാർക്കശ്യം കൂടിയേ തീരൂ. പ്രതിയെ പിടിക്കാൻ ചെന്നിട്ട് വീട്ടിലെ ദാരിദ്രാവസ്ഥ കണ്ട് അരിയും കപ്പയും ചായപ്പൊടിയും വാങ്ങിക്കൊടുത്തു പോരേണ്ടി വന്ന അനുഭവങ്ങളുമുണ്ട്. കള്ളക്കേസിൽ കുടുങ്ങി ശമ്പളം പോലുമില്ലാതെ കഷ്ടപ്പെട്ട അവസരങ്ങളിൽ കണ്ണീരോടെ പ്രാർത്ഥിച്ചു. കോഴിക്കോട് ഭാഗത്ത് ആയിരിക്കുമ്പോഴക്കെ മാവൂർ റോഡിലെ കുരിശു പള്ളിയിൽ കയറി മുട്ടിപ്പായി പ്രാർത്ഥിക്കുമായിരുന്നു. പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിച്ചു മുന്നോട്ടുപോകുന്നു. ഒരു മകനും മൂന്നു പെൺമക്കളും ആണ് ഉള്ളത്. പെൺമക്കൾ മൂന്നുപേരും വിവാഹിതർ. തുമ്പച്ചാൽ വാർഡിൽ സെൻ്റ് ലോറൻസ് യൂണിറ്റിലെ ഭവനത്തിൽ മകൻ ബിജുവിൻ്റെയും കുടുംബത്തിന്റെയും ഭാര്യ കുഞ്ഞൂഞ്ഞമ്മയുടെയും സ്നേഹത്തണലിൽ വിശ്രമിക്കുന്നു. ഹൃദയനാദത്തിനുവേണ്ടി എൻ്റെ കഴിഞ്ഞകാല അനുഭവങ്ങൾ രേ ഖപ്പെടുത്താൻ അവസരം തന്നതിൽ കൃതജ്ഞതയുണ്ട്. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു. തല ഉയർത്തിപ്പിടിച്ചു തന്നെയായിരുന്നു എൻ്റെ പോലീസ് ജീവിതം . അത് മരണം വരെ തുടരുക തന്നെ ചെയ്യും. ധീരന്മാരായ ഒരു പാട് ഓഫീസർമാരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. അത് ഭാഗ്യമായി കരുതുന്നു. കണ്ണൂർ ജില്ലക്കാരനായ റിട്ട. എസ്പി സി.എം. പ്രദീപ്കുമാറാണ് ജീവിച്ചിരിക്കുന്ന അവരിലെ ഒരു പ്രധാനി. നന്ദി.