കോഴിക്കോട്: തിഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ട് സി.പി.എം കേരളത്തില്‍ വ്യാപകമായി കലാപത്തിന് കോപ്പുകൂട്ടുന്നതായി പല സൂചനകളും പുറത്തു വന്ന സ്ഥിതിക്ക് സുരക്ഷയും പരിശോധനയും വര്‍ധിപ്പിക്കണമെന്ന് മുസ്്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ദിവസം ഉച്ചയോടെ സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ നടത്തി ഭീകരത പടര്‍ത്താനാണ് അണിയറ നീക്കം. ഇങ്ങനെ തിരഞ്ഞെടുപ്പ് ലാക്കാക്കി ബോംബ് നിര്‍മ്മിക്കുമ്പോഴാണ് പാനൂരില്‍ ഒരു സി.പി.എമ്മുകാരന്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തത്. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്.
വടകരയും കണ്ണൂരും കോഴിക്കോടും ആലത്തൂരും കാസർകോടും പാലക്കാടും ഉള്‍പ്പെടെ രാവിലെ സ്വന്തം വോട്ടുകള്‍ പോള്‍ ചെയ്യിച്ച് ഉച്ചയോടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോടെ ഭയപ്പെട്ട് ഒരു വിഭാഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും ഭീതിയുടെ അന്തരീക്ഷത്തില്‍ സി.പി.എം ശക്തി കേന്ദ്രങ്ങളില്‍ കള്ളവോട്ടിനുള്ള സാധ്യത തെളിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു. സി.പി.എം ക്രിമിനലുകള്‍ പിടിക്കപ്പെടാതിരിക്കാനും കേസ്സുകള്‍ ഒതുക്കാനും പിണറായി പൊലീസിനെ എങ്ങനെ ഉപയോഗിക്കുമെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. സി.പി.എമ്മുകാര്‍ പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ അവരെ സംരക്ഷിക്കാനും ന്യായീകരണ ക്യാപ്‌സ്യൂളുകളിലൂടെ ജനങ്ങളെ ഏതാനും സമയത്തേക്കെങ്കിലും തെറ്റിദ്ധരിപ്പിക്കാനുമാണ് സി.പി.എമ്മുകാര്‍ക്ക് നേതൃത്വം നല്‍കിയ നിര്‍ദേശം. കൂടുതല്‍ വോട്ടു സമാഹരിക്കുകയെന്നതിനെക്കാള്‍ കൂടുതല്‍ ബോംബുകള്‍ ഉണ്ടാക്കി പ്രയോഗിച്ച് മാഷാഅള്ളാ സ്റ്റിക്കര്‍ മോഡല്‍ പ്രചാരണത്തിലൂടെ എന്‍.ഐ.എയെയും മറ്റും ക്ഷണിച്ച് സംഘപരിവാറിനെ പ്രീണിപ്പിക്കുകയെന്ന ഇരട്ട ലക്ഷ്യമാണ് സി.പി.എമ്മിന് മുമ്പിലുള്ളത്.
തിരഞ്ഞെടുപ്പില്‍ ഭരണകൂടങ്ങളുടെ സ്വാധീനവും അനാവശ്യ ഇടപെടലും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യതയുണ്ട്്. ബോംബ്-ആയുധ നിര്‍മ്മാണങ്ങള്‍ക്കെതിരെ റെയ്ഡും പരിശോധനയും കാര്യക്ഷമമാക്കിയില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് ജനാധിപത്യ സമൂഹത്തിന്റെ ഭയപ്പാട്. തോല്‍വി മണക്കുന്ന കാലത്തെല്ലാം സി.പി.എം കാണിച്ചതെന്തെന്ന മുന്‍കാല അനുഭവം കണക്കിലെടുത്ത് വടകരയില്‍ ഉള്‍പ്പെടെ നീതിയുക്തവും ഭയരഹിതവുമായ തിരഞ്ഞെടുപ്പ് നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരികള്‍ക്കും നല്‍കിയ കത്തില്‍ എം.കെ മുനീര്‍ ആവശ്യപ്പെട്ടു.