INDIAKERALAlocaltop news

ദി കേരള സ്റ്റോറി : ക്രൈസ്തവർ വിവേകമതികളാവണം; ” നിനക്ക് അഹിതമായത് അപരനോട് ചെയ്യരുത് ” – ഫാ. അജി പുതിയാപറമ്പിൽ

താമരശേരി: ഒരു സമുദായത്തെ വൃണപ്പെടുത്തുന്ന ദി കേരള സ്റ്റോറി സിനിമ വാശിയോടെ പ്രദർശിപ്പിക്കാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ച് താമരശേരി രൂപതാ വൈദികൻ ഫാ. അജി പുതിയാപറമ്പിൽ . സഭാ നേതൃത്വത്തിൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനായി ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്ത ഈ യുവ പുരോഹിതൻ വീണ്ടും ചാട്ടവാറുമായി രംഗത്തിറങ്ങി. ക്രൈസ്തവർ ചെയ്യുന്ന ഓരോ പ്രവർത്തിയിലും ക്രൈസ്തവത ഉണ്ടാകണമെന്ന അഭ്യർത്ഥനയോടെ അദ്ദേഹം ഫേസ്ബുബുക്കിൽ കുറിച്ച വാക്കുകൾ താഴെ –

*അരുത് !!! വെറുപ്പിൻ്റെ വിത്ത് വിതയ്ക്കരുത്!!!*

മനുഷ്യഹൃദയം വയലുകൾക്ക് തുല്യമെന്നാണ് വിതക്കാരൻ്റെ ഉപമയിൽ യേശു പറയുന്നത്. വിവിധ തരത്തിലുമുള്ള വയലുകളിൽ, നല്ല വിത്ത് മാത്രം വിതയ്ക്കുന്ന ദൈവത്തെയാണ് ഈ ഉപമയിൽ നാം കാണുന്നത്. വിളവ് എങ്ങനെയുമാകട്ടെ ; നൂറോ… അറുപതോ… മുപ്പതോ………… വിതക്കുന്നത് നല്ല വിത്താകണം എന്ന കാര്യത്തിൽ ദൈവത്തിന് നിർബന്ധമുണ്ട്.

ഇന്ന് മനുഷ്യ ഹൃദയങ്ങളിൽ ഏറ്റവും അധികം വിതയ്ക്കപ്പെടുന്ന വിത്ത് വെറുപ്പാണ്. വേഗത്തിൽ വളരുകയും അളവറ്റ വിളവ് നല്കുകയും ചെയ്യുന്ന വിഷ വിത്താണിത്.

വെറുപ്പ് എന്ന വിത്തിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന വേദി രാഷ്ട്രീയമാണ്.

പണ്ട് ക്രിസ്ത്യാനികളോടുള്ള വെറുപ്പിനെ ജനങ്ങളിൽ ആളിക്കത്തിക്കാൻ *സ്വന്തം നഗരത്തിന്*
തീവെച്ച ഒരാളുണ്ടായിരുന്നു അങ്ങ് റോമിൽ ; പേര് നീറോ ചക്രവർത്തി .

യഹൂദരോടുള്ള വെറുപ്പിനെ ജർമ്മൻ മനസ്സുകളിൽ വിതച്ച് മരണത്തിൻ്റെ കൊയ്ത്തുകാരനായ ഹിറ്റ്ലറും മറ്റനവധി ഏകാധിപതികളും രാഷ്ട്രീയ ഭൂമികയിൽ വിളവെടുപ്പ് നടത്തിയതും ഇതേ വിഷവിത്ത് ഉപയോഗിച്ചാണ്. !!!

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും വെറുപ്പ് വിതച്ച് വിഭജനം കൊയ്തെടുക്കുന്ന നിരവധി രാഷ്ട്രീയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. *ഗോദ്രയും കാൻഡമാലും മണിപ്പൂരുമെല്ലാം അതിൻ്റെ നഴ്സറികൾ മാത്രമായിരുന്നു.*

ഇന്ത്യയിൽ വിഭജന രാഷ്ട്രീയത്തിൻ്റെ വിഷവിത്തുകൾ ആദ്യം പാകിയത് സംഘരാഷ്ട്രീയമായിരുന്നെങ്കിൽ കേരളത്തിൻ്റെ മണ്ണിലത് വിതച്ചത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലെയുള്ള സംഘടനകളായിരുന്നു.!!
കുറച്ച് മതപുരോഹിതൻമാർ അതിന് വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചു..

വെറുപ്പിന്റെ രാഷ്ട്രീയം തീർത്തും അന്യമായിരുന്ന ക്രൈസ്തവ സമൂഹത്തിലും, അടുത്ത കാലത്ത് ചില ഗ്രൂപ്പുകൾ ഇത്തരം വിഷ വിത്തുകളുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട് . ഏതാനും ക്രൈസ്തവ പുരോഹിതൻമാർ അവരുടെ പങ്കുകൃഷിക്കാരായി. !!! ആ കൂട്ടുകൃഷി കേരളത്തിലെ ക്രൈസ്തവ മനസ്സുകളിലും വിളയുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്..

കേരള സ്‌റ്റോറി എന്ന സിനിമ 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും കാണാനും ആ പ്രായത്തിലുള്ളവരെ കാണിക്കാനും സ്വാതന്ത്ര്യം ഉണ്ട്. *എന്നാൽ അത് മറ്റൊരു സമുദായത്തിൻ്റെ വികാരങ്ങളെ മുറിപ്പെടുത്തുകയും അതുവഴി വെറുപ്പിൻ്റെ വ്യാപനത്തിന് കാരണമാകുകയും ചെയ്യുന്നെങ്കിൽ അത് വേണ്ടെന്ന് വയ്ക്കുന്നതാണ് ക്രിസ്തീയത. അതാണ് വിവേകം.*

ക്രൈസ്തവ വിശ്വാസങ്ങളെ വികലമായും അശ്ലീലമായും ചിത്രീകരിക്കുന്ന എത്രയോ സിനിമകൾ മലയാളത്തിലും മറ്റു ഭാഷകളിലുമുണ്ട്. അത്തരത്തിലൊരു സിനിമ മറ്റൊരു സമുദായം സംഘടിതമായി പ്രദർശിപ്പിച്ചാൽ ക്രിസ്തീയ സമുഹത്തിന് മുറിവേല്ക്കില്ലേ? അങ്ങനെ ഓരോ സമുദായവും പരസ്പരം പരസ്യമായി പോരടിക്കാൻ തുടങ്ങിയാൽ കേരളത്തിൻ്റെ സ്ഥിതിയെന്താകും??? *വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയമായി കേരളത്തിൻ്റെ സാമൂഹ്യാന്തരീക്ഷം മാറില്ലേ?*

*” ദൈവം തെരുവിൽ മരിക്കുന്നു, ചെകുത്താൻ ചിരിക്കുന്നു”* എന്ന വയലാറിൻ്റെ വരികൾ അന്വർത്ഥമാകില്ലേ?.

കേരളത്തിന് അക്ഷരവെളിച്ചം പകർന്നവരാണ് ക്രൈസ്തവർ എന്നൊരു സത്പേരുണ്ട്. ഇന്ന് കാണുന്ന സമസ്ത പുരോഗതിയുടെയും അടിസ്ഥാനശിലയായി
അത് മാറുകയും ചെയ്തു. ആർക്കും
നിഷേധിക്കാൻ കഴിയാത്ത ചരിത്ര സത്യമാണത്.

21-ാം നൂറ്റാണ്ടിൽ കേരളത്തിൽ സാമുദായിക സ്പർദ്ധയുടെ *ഇരുട്ട്* സംഭാവന ചെയ്തവരിൽ ക്രൈസ്തവരും ഉണ്ട് എന്ന ദുഷ്കീർത്തി നാം സമ്പാദിക്കണോ?
ചരിത്രത്തിൽ അതിനു കൂടി ഇടം കണ്ടെത്തേണ്ടതുണ്ടോ? !!
*ക്രൈസ്തവ നേതൃത്വം വിവേകപൂർവ്വം ചിന്തിക്കേണ്ട കാര്യമാണിത്*.

ഒന്നോർക്കുക !!

നിയമത്തെയും പ്രവാചകൻമാരെയും യേശു ഒറ്റ വാക്യത്തിൽ സംഗ്രഹിച്ചിട്ടുണ്ട്.

മത്തായിയുടെ സുവിശേഷം 7:12 ൽ പറയുന്നു:

*'”നിനക്ക് അഹിതമായത് അപരനോട് ചെയ്യരുത്.”‘*

ഫാ. അജി പുതിയാപറമ്പിൽ
10-04-2024

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close