KERALAlocaltop news

വെറും 73 രൂപ വേതനത്തിൽ കപ്യാരുടെ കുടുംബം എങ്ങനെ ജീവിക്കും – ഫാ. അജി പുതിയാപറമ്പിൽ

*കത്തോലിക്കാ സഭയിലെ കപ്യാരൻമാർ*

ഭാഗം 2

എന്തിന് വേണ്ടിയാണ് ഒരാൾ തൊഴിൽ ചെയ്യുന്നത്???

തൊഴിലേതുമാകട്ടെ എല്ലാ തൊഴിലാളികളുടെയും അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് പ്രതിഫലം അല്ലെങ്കിൽ കൂലിയാണ്. ഈ കൂലിയെ ഫീസെന്നോ,
റെമ്യുണറേഷനെന്നോ, ശമ്പളമെന്നോ എന്ത് പേരിട്ടു വേണമെങ്കിലും നിങ്ങൾക്ക് വിളിക്കാം. ജോലി ചെയ്യുന്ന
കപ്യാരൻമാരുടെയും അടിസ്ഥാന ലക്ഷ്യങ്ങളിലെ പ്രധാന ഘടകം പ്രതിഫലം തന്നെയാണ്. ആർക്കും സംശയം വേണ്ട. കാരണം അവർക്കും ഒരു കുടുംബമുണ്ട്. ആവശ്യങ്ങളുമുണ്ട്, ചുമതലകളുണ്ട്,
മോഹങ്ങളുണ്ട്….

എന്തിനാണ് കൂലി?

*അപ്പം അല്ലെങ്കിൽ അന്നം വാങ്ങുന്നതിനാണ് കൂലി.*
” നീ നിൻ്റെ നെറ്റിയിലെ വിയർപ്പ് കൊണ്ട് ഭക്ഷണം സമ്പാദിക്കണമെന്ന് “(ഉല്പത്തി 3: 19) ആദിപിതാക്കളോട് ദൈവം കല്പിച്ചതിൻ്റെ പൊരുളും ഇതു തന്നെയാണ്.!! പൗലോസ് സ്ലീഹാ പഠിപ്പിക്കുന്നുണ്ട്: ” അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ” (2 തെസ. 3:10).

കത്തോലിക്ക സഭയുടെ നിക്ഷേപാലയങ്ങളുടെ സൂക്ഷിപ്പുകാരായ കപ്യാരൻമാർക്ക് അന്നം വങ്ങുന്നതിന് ലഭിക്കുന്ന കൂലിയെ സംബന്ധിച്ച് പൊതുവേ പലരും അജ്ഞരാണ്.

വടക്കൻ കേരളത്തിലെ സീറോ മലബാർ രൂപതകളിലെ വേതന നിരക്കുകൾ ഉദാഹരണമായി സൂചിപ്പിക്കാം.

പള്ളികളുടെ വലുപ്പമനുസരിച്ച് 5 വിഭാഗങ്ങൾ അല്ലെങ്കിൽ ഗ്രേഡുകളായി തിരിച്ചാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വൈദികരുടെയോ മെത്രാൻമാരുടെയോ അലവൻസുകൾ നിശ്ചയിക്കുന്നത് പള്ളിയുടെയോ രൂപതയുടെയോ വലിപ്പമനുസരിച്ചല്ല .

ഏറ്റവും താഴെയുള്ള E ഗ്രേഡുകാർക്ക് 2200/ രൂപയും ഏറ്റവും ഉയർന്ന A ഗ്രേഡിലുള്ളവർക്ക് 7250/ രൂപയുമാണ് പ്രതിമാസ വേതനം. നടുക്കുള്ള B,C,D ഗ്രേഡുകാർക്ക് യഥാക്രമം 6000/, 4950/, 3750/ രൂപയുമാണ് .
2022 ൽ നടത്തിയ വേതന വർദ്ധനയ്ക്ക് ശേഷമുള്ള തുകയാണിത്. കൂടാതെ വാർഷിക വർധനവ് അല്ലെങ്കിൽ ഇൻക്രിമെൻ്റ് ആയി 150 രൂപയുമുണ്ട്. അതായത് തൻ്റെ ശമ്പളത്തിൻ്റെ കൂടെ 1500 രൂപ വർദ്ധിക്കണമെങ്കിൽ 10 വർഷങ്ങൾ കാത്തിരിക്കണം എന്നർത്ഥം.

ഏറ്റവും താഴെയുള്ള ഗ്രേഡിൽ ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന ദിവസ വേതനം വെറും 73 രൂപ മാത്രമാണ്. ഉയർന്ന ഗേഡിലുള്ളവർക്ക് 241 രൂപയും. ഈ തുച്ഛമായ തുക കൊണ്ട് അവർ എങ്ങനെ ജീവിക്കും???
ആരെങ്കിലും ആലോചിട്ടുണ്ടോ???

കേരള സർക്കാർ നിശ്ചയിച്ചിരിക്കുന്ന 675/ രൂപ (GO(P) No.29/2021 Fin) എന്ന ദിവസവേതനമെങ്കിലും അവർക്ക് നല്കേണ്ടതല്ലേ? അല്ലെങ്കിൽ വേണ്ട തൊഴിലുറപ്പ് പദ്ധതി പ്രകാരം നല്കുന്ന 346 രൂപയെങ്കിലും….!!

ഒരാൾക്ക് കൂലി നല്കുന്നതിൻ്റെ അടിസ്ഥാന മാനദണ്ഡം
എന്തായിരിക്കണം എന്നത് ആധുനിക ലോകത്തെ പഠിപ്പിച്ചത് *മഹാനായ ലെയോ 13-ാമൻ മാർപ്പാപ്പയാണ്.* സഭയുടെയും ആധുനിക ലോകത്തിൻ്റെയും സാമുഹ്യ നീതിയുടെ മാഗ്നാകാർട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട *റേരും നൊവാരും എന്ന ചാക്രിക ലേഖനത്തിലൂടെയാണ് അത് സാധിച്ചത്.*

1891 ൽ പുറത്തിറങ്ങിയ ഈ ചാക്രിക ലേഖനം കൂലിയുടെ മാനദണ്ഡത്തെ ഇങ്ങന നിർവ്വചിച്ചു: ” *ഒരുവന് കൂലി നല്കുമ്പോൾ അത് അവന് മാത്രമല്ല ,അവൻ്റെ കുടുംബത്തിനും കൂടി കഴിക്കാനുള്ള അന്നം വാങ്ങാനുള്ളത് നല്കണം.”* തൊഴിലാളിക്കൊപ്പം അവൻ്റെ കുടുംബത്തെയും പരിഗണിക്കണമെന്ന വിപ്ലവ സന്ദേശം ആദ്യമായി ലോകത്തിന് നല്കിയത് കത്തോലിക്കാ സഭയാണ്. സഭ ഇപ്പോഴും പിന്തുടരുന്ന സാമുഹ്യനീതി സങ്കല്പങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന പരിപാടിയല്ലേ ഈ പാവങ്ങൾക്ക് നല്കുന്ന തുച്ഛമായ വേതനം.

73 രൂപകൊണ്ട് അല്ലെങ്കിൽ 241 രുപ കൊണ്ട് എങ്ങനെയാണ് ഒരാൾക്ക് തൻ്റെ കുടുംബത്തെ പോറ്റാനാകുന്നത്. !!!!

പല വൈദികരും പള്ളിക്കമ്മിറ്റികളും രൂപതാ നിയങ്ങൾ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ശമ്പളം കപ്യാരൻമാർക്ക് നല്കാറുണ്ട്. ഇത് നിയമ വിരുദ്ധമായതുകൊണ്ട് പുതിയതായി വരുന്ന കമ്മിറ്റിയോ വൈദികനോ അത് തുടരണമെന്നില്ല. അവർക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്കുന്നതിൽ വൈദികർക്കും ജനങ്ങൾക്കും പൊതുവേ സന്തോഷമേയുള്ളൂ. എങ്കിലും ഒന്നും നടക്കാറില്ല. ഒരു മുടന്തൻ ന്യായമാണ് അതിന് കാരണമായി പറയുന്നത്: *”കപ്യാരൻമാർക്ക് വിശേഷാവസരങ്ങളിൽ വിശ്വാസികൾ നിന്ന് ടിപ് കിട്ടാറുണ്ടത്രേ”!!!* ശരിയാണ് വിശേഷാവസരങ്ങളിൽ വിശ്വാസികൾ അവർക്ക് ടിപ് നല്കാറുണ്ട്. അതവരുടെ സന്മനസ്സ് കൊണ്ട് നല്കുന്നതാണ്. നല്കണമെന്ന് നിയമമൊന്നുമില്ല. അവർക്ക് മാത്രമല്ല മെത്രാൻമാർക്കും വൈദികർക്കും വിശ്വാസികൾ ടിപ് നല്കാറുണ്ട്.

അത്യാവശ്യാവസരങ്ങളിൽ പള്ളിക്കാർ പിരിവ് നടത്തിയും ഇവരെ സഹായിക്കാറുണ്ട്. അപ്പോഴെക്കെ കപ്യാരുടെയും കുടുംബത്തിൻ്റെയും മുഖം നിസ്സഹായതകൊണ്ട് കുനിഞ്ഞിരിക്കും.
ആത്മാഭിമാനമെന്നത് മനുഷ്യർക്കെല്ലാമുള്ളതാണല്ലോ!!!!

*ദയവായി ഇനിയെങ്കിലും* *മനസ്സിലാക്കുക*
*അവർക്ക് വേണ്ടത്* *ഓദാര്യമല്ല.* *അവകാശപ്പെട്ട മാന്യമായ വേതനമാണ്.* കോടിക്കണക്കിന് രൂപ
ആഢംബരങ്ങൾക്കും ആഘോഷങ്ങൾക്കുമായി ചെലവഴിക്കുന്ന രൂപതകൾക്കും പള്ളികൾക്കും ഇത് നിസ്സാരമായി ചെയ്യാവുന്നതേയുള്ളൂ.

നിങ്ങളുടെ സഹോദരരിൽ ഒരുവൻ തന്നെയാണയാൾ.

ആശങ്കപ്പെടേണ്ട ….,
നമുക്ക് വേണ്ടി അർപ്പിക്കുന്ന പ്രാർത്ഥനകളിലെ സഹായിയാണയാൾ….

ഓർക്കുക,
ദൈവസന്നിധിയിൽ അർപ്പിക്കുന്ന പ്രാർത്ഥനകളിലെ സഹായി.

(തുടരും….)

ഫാ. അജി പുതിയാപറമ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close