ഇന്നലെ അന്തരിച്ച താമരശേരി മുൻ വികാരി ജനറാൾ ഫാ. മാത്യു മാവേലിയെ അനുസ്മരിച്ച് ഫാ അജി പുതിയാപറമ്പിൽ. മാവേലിയച്ചന് പ്രണാമം –
ക്രിസ്തുവിൻ്റെ ലളിത ജീവിത ശൈലിയുടെ ജീവിക്കുന്ന മുഖമായിരുന്നു, താമരശേരി രൂപതയിലെ
മാത്യു മാവേലിയച്ചൻ.
നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല,
ഈ ഭൂമിയിലെ തൻ്റെ അവസാന യാത്രയിലും അദ്ദേഹം എടുത്തിരുന്നത് സെക്കൻ്റ് ക്ലാസ്സ് ടിക്കറ്റ് ആണ്.!!!
ആത്മീയതയിലും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഫസ്റ്റ് ക്ലാസ് നിലവാരം പുലർത്തുമ്പോഴും, ജീവിതയാത്രയിൽ അദ്ദേഹം എപ്പോഴും തെരെഞ്ഞെടുത്തിരുന്നത്, സാധാരണക്കാരുടെ മൂന്നാം ക്ലാസിനും താഴെയുള്ള സൗകര്യങ്ങളായിരുന്നു.
മികച്ച ഒരു വാഗ്മിയായിരുന്ന മാവേലിയച്ചൻ്റെ
പ്രസംഗവും ജീവിതവും സംയോജിക്കപ്പെട്ടിരുന്നു.
എന്ത് പ്രസംഗിക്കുന്നുവോ അത് തന്നെ ജീവിതം
വികാരിയായിരുന്നപ്പോഴും വികാരി ജനറൽ ആയിരുന്നപ്പോഴും ഈ മനുഷ്യനിൽ ഒരു മാറ്റവും വന്നിട്ടില്ല. ഒരു യോഗിയുടെ നിർമമത ജീവിതത്തിൽ എപ്പോഴും കാത്തു സൂക്ഷിച്ചു..
കാപട്യത്തിൻ്റെ നയതന്ത്ര ശൈലി അദ്ദേഹത്തിന് വശമില്ലായിരുന്നു. ശെരിയെ ശെരിയെന്നും തെറ്റിനെ തെറ്റെന്നും വിളിച്ചിരുന്നു.
വാക്കുകളിൽ എപ്പോഴും ഒരു നർമ്മം ചാലിച്ചിരുന്നതിനാൽ സുഹൃദ് വലയത്തിനുള്ളിൽ നിന്നും ഒരിക്കലും പുറത്തു പോയില്ല. കളിയാക്കപ്പെട്ടും കൗണ്ടറുകൾ തൊടുത്തും സൗഹൃദങ്ങൾ കാത്തു സൂക്ഷിച്ചിരുന്ന ഒരു സാധാരണക്കാരൻ. !!
ഒരു സൂക്ഷ്മദൃക്കിന് അദ്ദേഹത്തിൻ്റെ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്കിയാൽ, ഹൃദയത്തിൽ എപ്പോഴും ക്രിസ്തുവിൻ്റെ സ്നേഹവും കാരുണ്യവും സൂക്ഷിച്ചിരുന്ന ഒരു വലിയ മനുഷ്യനെ നേരിൽ കാണാൻ കഴിയും..
ആയിരം നക്ഷത്രങ്ങൾക്കിടയിൽ ഒരു സൂര്യനെയെന്നപോലെ !!!
പ്രിയങ്കരനായ മാവേലിയച്ചന്
പ്രണാമം🙏
ഫാ. അജി പുതിയാപറമ്പിൽ