KERALAlocaltop news

വയ്യാ , ഈ പട്ടിപ്പണി മടുത്തു : സബ് ഇൻസ്പക്ടർ കിരൺ ഇനി സായുധ സേനയിൽ വെറും ഹവീൽദാർ !

 കോഴിക്കോട് : പട്ടിപ്പണി മടുത്തത് മൂലം കേരള പോലീസിലെ സബ് ഇൻസ്പക്ടർ ആംഡ് ബറ്റാലിയനിലെ ഹവീൽദാറായി മടങ്ങി പോകുന്നു. കോഴിക്കോട് റൂറൽ പോലീസ് ജില്ലയിൽപെട്ട എടച്ചേരി പോലീസ് സ്റ്റേഷനിലെ എസ് ഐ വി.കെ. കിരൺ ആണ് യുവാക്കളുടെ അഭിമാനജോലി ആയി അറിയപ്പെടുന്ന സബ് ഇൻസ്പെക്ടർ തസ്തിക ഉപേക്ഷിച്ച് തിരുവനന്തപുരം സ്പെഷൽ ആംഡ് ബറ്റാലിയനിൽ ഹവിൽദാറായി പോകുന്നത്. മുൻപ് ആംഡ് ബറ്റാലിയനിൽ ഹവീൽദാറായിരുന്ന കിരൺ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് പാസായാണ് ഓഫീസർ തസ്തികയിൽ എത്തിയത്. കിരണിനെ സബ് ഇൻസ്പെക്ടർ തസ്തികയിൽ നിന്ന് റിലീവ് ചെയ്തു കൊണ്ടുള്ള കോഴിക്കോട് റൂറൽ എസ്പിയുടെ 308/2024/ DR നമ്പർ ഉത്തരവ് ഇന്ന് രാവിലെ പുറത്തിറങ്ങി. 2013 ൽ പരിഷ്ക്കരിച്ച കേരള സർവ്വീസ് റൂളിലെ പ്രത്യേക ചട്ടം അനുസരിച്ചാണ് നടപടി. ഇതനുസരിച്ച് ജൂൺ ഒന്നിന് ഉച്ചയ്ക്ക് ശേഷം കിരൺ തൻ്റെ സ്വപ്ന ജോലിയും യൂനിഫോമും ഉപേക്ഷിച്ച് ഹവിൽദാർ കുപ്പായത്തിലേക്ക് മടങ്ങി. .പോലീസ് സ്റ്റേഷനുകളിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എന്ന ഹെഡ്കോൺസ്റ്റബിൾ തസ്തികയ്ക്ക് തുല്യമാണ് സായുധ സേനയിലെ ഹവീൽദാർ.                                               സാധാ രാഷ്ട്രീയ നേതാക്കൾ തുടങ്ങി ഗുണ്ടാ ബന്ധമുള്ള മുതിർന്ന ഓഫീസർമാരുടെ ശകാരവും തെറിവിളിയും സഹിക്കേണ്ടതിനാൽ ആത്മാഭിമാനമുള്ള ആർക്കും ജോലി ചെയ്യാൻ കഴിയാത്ത തസ്തികയായി സബ്ഇൻസ്പെക്ടർ പദവി മാറിയതായി നിലവിൽ സർവ്വീസിലുള്ളവർ പറയുന്നു. സി പി എം ഭരണത്തിൽ, ബ്രാഞ്ച് നേതാക്കൾ തുടങ്ങി ജില്ലാ നേതാക്കൾ വരെയുള്ളവരുടെ ഇംഗിതത്തിന് കീഴ്പ്പെടണം. പല രാഷ്ട്രീയ നേതാക്കളിലും ഗുണ്ടകളുമുണ്ട്. ഗുണ്ടാ സ്റ്റെലിൽ പൊതുസ്ഥലത്ത് വച്ചുള്ള ആജ്ഞ ശിരസാവഹിച്ചില്ലെങ്കിൽ ശിക്ഷാനടപടി ഉറപ്പാണ്. കുടുംബം പോറ്റണമല്ലോ എന്നു കരുതിയും, പ്രായം കഴിഞ്ഞതിനാൽ മറ്റൊരു ജോലിയും ലഭിക്കില്ലെന്ന തിരിച്ചറിവുമാണ് പലരും ആട്ടും തുപ്പും സഹിച്ച് പോലീസിൽ ഓഫീസറായി തുടരുന്നത്. മേലുദ്യോഗസ്ഥരിൽ നിന്നും, നാലാംകിട രാഷ്ട്രീയക്കാരിൽ നിന്നുമുള്ള സമ്മർദ്ദം മൂലം എത്രയോ ഓഫീസർമാർ അടുത്തിടെ ജീവനൊടുക്കി, വയ്യാ ഈ പട്ടിപ്പണി, ആത്മാഭിമാനമുള്ളവന് ഈ പണി പറ്റില്ല, ജീവിതത്തിൽ സ്വസ്ഥത ഉണ്ടാകില്ല , അയാൾ രക്ഷപ്പെടട്ടെ- ഒരു മുതിർന്ന ഓഫീസർ വികാരഭരിതനായി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close