KERALAlocaltop news

ജീവനക്കാരുടെ സർവീസ്ബുക്ക് അലക്ഷ്യമായി കൈകാര്യം ചെയ്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : സേവന പുസ്തകം (സർവീസ് ബുക്ക്) എന്ന പ്രധാന രേഖ അലക്ഷ്യമായി കൈകാര്യം ചെയ്ത ഉത്തരവാദിത്വ ബോധമില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൽ നിന്നും പമ്പ് ഓപ്പറേറ്റർമാരായി വിരമിച്ചവരുടെ സേവനപുസ്തകം കാണാതായ സംഭവത്തിലാണ് ബന്ധപ്പെട്ട ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്.

 

സേവന പുസ്തകം കാണാനില്ലാത്തതിനാൽ സമയബന്ധിത ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന വിരമിച്ച ജീവനക്കാരുടെ പരാതിയിലാണ് നടപടി. പരാതിക്കാർ കമ്മീഷനെ സമീപിച്ചില്ലെങ്കിൽ സേവനപുസ്തകം കാണാനില്ലെന്ന സ്ഥിരം പല്ലവി കേട്ട് അവർക്ക് അർഹതപെട്ട സേവനാനുകൂല്യം ത്യജിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നുവെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു.പരാതികാർക്ക് നാലാം സമയബന്ധിത ഹയർഗ്രേഡ് ഒരു മാസത്തിനുള്ളിൽ അനുവദിച്ച് രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. മലയമ്മ സ്വദേശി അബൂബക്കറും വേങ്ങേരി സ്വദേശി പി. രവീന്ദ്രനും സമർപ്പിച്ച പരാതികളിലാണ് നടപടി.

 

പരാതിക്കാരുടെ സേവന പുസ്തകം ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും ലഭിച്ചില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. സേവന പുസ്തകം നിർബന്ധമായും കണ്ടെത്തണമെന്ന് നിർദ്ദേശം നൽകിയപ്പോൾ കണ്ടെത്തി. ജീവനക്കാരുടെ നാലാമത്തെ സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കുന്നതിനുളള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവിടെ നിന്നും അപേക്ഷ ലഭിച്ചാലുടൻ ചീഫ് എഞ്ചിനീയർക്ക് നൽകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നടപടി വരുമെന്ന് കണ്ടപ്പോൾ മാത്രം സൂക്ഷ്മ പരിശോധന നടത്തി സേവന പുസ്തകം കണ്ടെത്തിയ നടപടിയെ അപലപിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close