കോട്ടയം: വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ പേരൂര്‍ 101 കവല ശങ്കരാമലയില്‍ വീട്ടില്‍ മേരി കുഞ്ഞുമോന്‍ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കല്‍കൂന്തല്‍ ചേമ്പളം കിഴക്കേകൊഴുവനാല്‍ വീട്ടില്‍ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂര്‍ സ്വദേശിനികളായ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. ഇവരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്‌സായും സര്‍വീസ്ചാര്‍ജായും പണം അടയ്ക്കുന്നതിന് പൈസ തന്നാല്‍ ലക്ഷക്കണക്കിന് രൂപ കമ്മീഷന്‍ തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
ഇതിനായി പലതവണകളായി ഒരു കോടിയില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ പണം തിരികെ നല്‍കാതെ കബളിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ. ഷോജോ വര്‍ഗീസ്, എസ്.ഐമാരായ ജയപ്രസാദ്, സിനില്‍, എഎസ്‌ഐ സജി, സിപിഓമാരായ സുമിത, ലിഖിത എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.