KERALALOKSABHA 2024

ന്യൂനപക്ഷ ഭീഷണിക്കമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല, രക്തസാക്ഷിയാകാനും മടിയില്ല :വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും തലകുനിക്കില്ലെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘യാഥാര്‍ഥ്യം ഉറക്കെപ്പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുള്ളൂ; ഇത്തരം ഭീഷണിക്കുമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല. അത്തരം വെല്ലുവിളി നേരിടാന്‍ തയ്യാറാണ്. അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല’ എന്ന മുഖവുരയോടെയാണ് വെള്ളാപ്പള്ളി കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

‘ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് എല്‍.ഡി.എഫ്. ഒരു മുസ്ലിമിനെയും ഒരു ക്രിസ്ത്യാനിയെയും യു.ഡി.എഫ്. ഒരു മുസ്ലിമിനെയും നാമനിര്‍ദേശംചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാന്‍ചെയ്ത പാതകം. കേരളത്തില്‍ ആകെയുള്ളത് ഒന്‍പതു രാജ്യസഭാ സീറ്റുകളാണ്. അതില്‍ അഞ്ചുപേരും മുസ്ലിങ്ങളാണ്. രണ്ടുപേര്‍ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കള്‍ക്ക് ഇരുമുന്നണികളുംകൂടി നല്‍കിയത് രണ്ടേരണ്ടു സീറ്റുകളും.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുന്‍ഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ഥികളാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ചുചിന്തിക്കാന്‍ ഇവര്‍ക്കു ധൈര്യമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടക്കംമുതല്‍ പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹങ്ങളുടെ വിശ്വാസത്തെ സി.പി.എമ്മും സി.പി.ഐ.യും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കുകയായിരുന്നു.

ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിന്റെയും കുറെ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും സഹിക്കാനാകാതെ വന്നപ്പോഴാണ് ക്രൈസ്തവര്‍ ബി.ജെ.പി.യെ രക്ഷകരായി കണ്ടത്. മറ്റു മതസ്ഥരുടെ മനസ്സുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകള്‍ പരിഷ്‌കരിക്കാന്‍ മുസ്ലിം ലീഗിന്റെയും മുസ്ലിം സമുദായങ്ങളുടെയും നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണം’ -മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി പറയുന്നു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close