കുവൈത്ത് സിറ്റി: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ജൂണ്‍ 12ന് പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ 23 പേര് മലയാളികളാണ്.
കുവൈറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും തീപിടിത്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ തിരുവനന്തപുരത്തായിരുന്നു. കമ്പനിയിലെ ജീവനക്കാരെ എല്ലാവരെയും കുടുംബം പോലെയാണ് കണ്ടത്. 49 വര്‍ഷമായി കുവൈറ്റിലാണ് താന്‍ ഉള്ളത്. കുവൈറ്റിനെയും ജനങ്ങളെയും താന്‍ സ്നേഹിക്കുന്നു. ഇന്ത്യന്‍ എംബസി നന്നായി കാര്യങ്ങള്‍ ചെയ്തെന്നും കേന്ദ്രത്തിന്റെ നല്ല ഇടപെടല്‍ കാരണമാണ് മൃതദേഹങ്ങള്‍ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമേ എട്ട് ലക്ഷം നഷ്ടപരിഹാരം നല്‍കും. അപകടത്തില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി കരുതുന്നില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. 31 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മാനേജിങ് ബോര്‍ഡിലുള്ള രണ്ട് പേര് വീതം മരിച്ചവരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തും. മരിച്ചവരുടെ കുടുംബത്തെ നേരിട്ട് കണ്ട് ആദരാഞ്ജലി അറിയിക്കും. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. സഹായം ആര് ആവശ്യപ്പെട്ടാലും നല്കാന് തയാറാണ്. തങ്ങള്‍ക്കതിനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.