കൊച്ചി: ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവര്‍ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും നിയുക്ത മന്ത്രി ഒ ആര്‍ കേളു. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി ക്ഷേമവകുപ്പ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുമെന്നും കാലതാമസമുണ്ടാകില്ലെന്നും ഒ ആര്‍ കേളു പ്രതികരിച്ചു. ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനംവെച്ച് പട്ടികജാതി പട്ടികവര്‍ഗമേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാല്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ ആര്‍ കേളുവിന്റെ വാക്കുകള്‍ ഇപ്രകാരം
വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് ഈ വകുപ്പ്. ജനങ്ങളുമായിഅടുത്തിടപഴകാനും അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനുമാണ് ഞാന്‍ ഇത്രയും കാലം ശ്രമിച്ചത്. കേള്‍ക്കുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി തന്നെ ചെയ്യും. വയനാട്ടിലെ വന്യജീവി ആക്രമണത്തിലുള്‍പ്പെടെ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. മന്ത്രിയായിക്കഴിഞ്ഞാല്‍ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നില്ല എന്ന പരാതികളെല്ലാം ഉയരുന്നുണ്ട്. കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്തും. കാലതാമസമുണ്ടാകില്ല. ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയില്ല. ഞാനാദ്യമായാണ് മന്ത്രി പദത്തിലെത്തുന്നത്. ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനംവെച്ച് പട്ടികജാതി പട്ടികവര്‍ഗമേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാല്‍ പറ്റും. ദേവസ്വം വകുപ്പുള്‍പ്പെടെ അനുഭവസമ്പത്തുള്ളവര്‍ ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം. ഇവ തന്നിരുന്നെങ്കില്‍ ഞാന്‍ തന്നെ വേണ്ടെന്ന് പറയുമായിരുന്നു.
ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മാനന്തവാടി എംഎല്‍എയാണ് ഒ ആര്‍ കേളു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സര്‍ക്കാര്‍ ആവശ്യപ്പെട്ട സമയം ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങള്‍. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎല്‍എമാര്‍ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവാണ് കേളു.