INDIAKERALAtop news

സിം കാര്‍ഡ് എണ്ണം ‘പരിധി വിട്ടാല്‍’ ഇനിമുതല്‍ 2 ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം ; പുതിയ ടെലികോം നിയമവ്യവസ്ഥകള്‍ 26 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: അനുവദനീയമായ എണ്ണത്തിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഈമാസം 26 മുതല്‍ 50,000- 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. പുതിയ ടെലികോം നിയമത്തിലെ ഇതടക്കമുള്ള വ്യവസ്ഥകള്‍ 26നു പ്രാബല്യത്തിലാകുമെന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 6. ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ. വീണ്ടും ആവര്‍ത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കും

ചതിയില്‍പെടുത്തി മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം എടുത്താല്‍ 3 വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടുംകൂടിയോ ലഭിക്കാം.ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങള്‍ അയച്ചാല്‍ ടെലികോം കമ്പനിക്ക് 2 ലക്ഷം രൂപ വരെ പിഴ മുതല്‍ സേവനം നല്‍കുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം.

മറ്റു വ്യവസ്ഥകള്‍

  • സ്വകാര്യഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുകയോ ടെലികോം ലൈനുകള്‍ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാല്‍ സ്ഥല ഉടമ വിസമ്മതിച്ചാലും കമ്പനികള്‍ക്കു സര്‍ക്കാര്‍ വഴി അനുമതി ലഭിക്കും.
  • യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിനു വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളില്‍ രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാം.
  • രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങള്‍ (മെസേജ്, കോള്‍) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകള്‍ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റര്‍സെപ്റ്റ്) വിലക്കാനും സര്‍ക്കാരിനു കമ്പനികള്‍ക്കു നിര്‍ദേശം നല്‍കാം. സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്താപരമായ സന്ദേശങ്ങള്‍ ഇത്തരത്തില്‍ നിരീക്ഷിക്കാന്‍ പാടില്ല. എന്നാല്‍, ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ഇവരുടെയും സന്ദേശങ്ങള്‍ കേള്‍ക്കാനും വിലക്കാനും കഴിയും.

ശിക്ഷ ഇങ്ങനെ

  • അനധികൃത മെസേജുകളും കോളുകളും ചോര്‍ത്തുക, സമാന്തര ടെലികോം സേവനം നല്‍കുക: 3 വര്‍ഷം തടവോ 2 കോടി രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടുംകൂടി.
  • അനധികൃത വയര്‍ലെസ് ഉപകരണം കൈവശം വയ്ക്കുക: 50,000 മുതല്‍ 2 ലക്ഷം രൂപ വരെ.
  • ടെലികോം സേവനങ്ങള്‍ ബ്ലോക്ക് ചെയ്യാവുന്ന അനധികൃത ഉപകരണങ്ങള്‍ കൈവശം വയ്ക്കുക: 3 വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടുംകൂടി.
  • രാജ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുക: 3 വര്‍ഷം തടവോ 2 കോടി രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടുംകൂടി. ആവശ്യമെങ്കില്‍ സേവനം വിലക്കാം.
  • ടെലികോം സേവനങ്ങള്‍ക്ക് തകരാറുണ്ടാക്കുക: 50 ലക്ഷം രൂപ വരെ പിഴ.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close