തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവുമായി വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക്. ഹോട്ടി വൈനിന്റെ മറവിലാണ് വീര്യം കുറഞ്ഞ മദ്യവുമായി വന്‍കിട മദ്യ കമ്പനികള്‍ സംസ്ഥാനത്തേക്കെത്തുന്നത്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ ബക്കാര്‍ഡി അനുമതി തേടിയിട്ടുണ്ട്.
തദ്ദേശീയമായി ഹോട്ടി വൈന്‍ ഉല്‍പ്പാദിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ധാന്യങ്ങള്‍ ഒഴികെയുള്ള പഴവര്‍ഗ്ഗങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനായിരുന്നു തീരുമാനം. ഇതുവഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നായിരുന്നു വാദം.
വീര്യം കുറഞ്ഞ മദ്യം വിപണിയില്‍ ഇറക്കാന്‍ മദ്യനയത്തിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ തദ്ദേശീയ ഉത്പാദനത്തിന് പകരം വന്‍കിട മദ്യ കമ്പനികള്‍ക്ക് സംസ്ഥാനത്ത് വാതില്‍ തുറന്നിട്ടിരിക്കുകയാണിപ്പോള്‍ സര്‍ക്കാര്‍.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്ക്കെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല്‍ വില്‍പ്പന കൂടുമെന്ന് ഉത്പാദകര്‍ പറഞ്ഞിരുന്നു. മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് 20 ശതമാനമാകുമ്പോള്‍ നികുതി ഇളവ് വേണമെന്നും ആവശ്യമുണ്ടായിരുന്നു. വീര്യം കുറഞ്ഞ മദ്യ ഉത്പാദനം കൂട്ടാന്‍ നികുതി കുറയ്ക്കണമെന്നാണ് നാളുകളായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെട്ടിരുന്നത്.