തിരുവനന്തപുരം: മലപ്പുറത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്ക്. മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളാണ് മന്ത്രിയുടെ വാദങ്ങളെ പൊളിക്കുന്നത്. അണ്‍എയ്ഡഡ് സീറ്റുകള്‍ കൂട്ടിയില്ലെങ്കിലും മലപ്പുറത്ത് 2954 സീറ്റുകളുടെ കുറവ് മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോള്‍ അണ്‍എയ്ഡഡ് കൂട്ടിയാല്‍ പോലും മലപ്പുറത്ത് പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പുറത്താകുമെന്നതാണ് യാഥാര്‍ഥ്യം.
ഓരോ ഘട്ടങ്ങളിലും ഇഷ്ട വിഷയമോ വിദ്യാലയമോ ലഭിക്കാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പ്രവേശന നടപടികളില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. മൂന്നാം ഘട്ടത്തില്‍ മെറിറ്റില്‍ മാത്രം 5782 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടാതെ മാറി നിന്നത്. എന്നിട്ട് പോലും ജില്ലയിലെ സീറ്റ് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയിലെ 82446 അപേക്ഷകരില്‍ 50964 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. 31482 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അവസരത്തിനായി കാത്തുനില്‍ക്കുകയാണ്. ജില്ലയിലെ 50080 മെറിറ്റ് സീറ്റുകളില്‍ 44254 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. മെറിറ്റില്‍ ശേഷിക്കുന്നത് 5826 സീറ്റുകള്‍ മാത്രമാണ്. കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, എംആര്‍എസ് ക്വാട്ടകളിലായുള്ള 5049 സീറ്റുകളില്‍ 4003 പേര്‍ പ്രവേശനം നേടി. ശേഷിക്കുന്നത് 1046 സീറ്റുകളാണ്. ജില്ലയിലെ ആകെയുള്ള 5091 മാനേജ്മെന്റ് സീറ്റുകളില്‍ 1757 പേര്‍ പ്രവേശനം നേടി.
ഇനി ശേഷിക്കുന്നത് 3334 സീറ്റുകളും. സീറ്റ് പ്രതിസന്ധി രൂക്ഷമായതോടെ 25000 രൂപ മുതല്‍ അര ലക്ഷം രൂപവരെ ഈടാക്കിയാണ് മാനേജ്മെന്റ് സീറ്റുകളുടെ വില്‍പ്പന നടക്കുന്നത്. അവസരത്തിനായി കാത്തിരിക്കുന്ന 31482 വിദ്യാര്‍ഥികളെ ഈ മുഴുവന്‍ ഒഴിവുകളിലേക്കും പരിഗണിച്ചാലും 21276 വിദ്യാര്‍ഥികള്‍ പുറത്താകും. ബാക്കിയുള്ളവരുടെ ഏക ആശ്രയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ജില്ലയിലെ 11236 അണ്‍എയ്ഡഡ് സീറ്റുകളില്‍ 950 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ശേഷിക്കുന്ന 10286 പരിഗണിച്ചാലും മലപ്പുറം ജില്ലയിലെ 10990 വിദ്യാര്‍ത്ഥികള്‍ക്ക് ഒരിടത്തും അവസരമില്ല എന്നതാണ് യാഥാര്‍ഥ്യം.
ശാന്തമായ അന്തരീക്ഷത്തില്‍ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ശിവന്‍കുട്ടി പറഞ്ഞിരുന്നു. സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കണക്കുകള്‍ വെച്ച് ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.