തിരുവനന്തപുരം: മലബാറില്‍ മുക്കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു.
പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തില് മൂന്ന് അലോട്ട്‌മെന്റുകള് അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂര്ത്തിയായിട്ടും തീരുമാനമെടുക്കാത്ത സര്ക്കാര്, മലബാര് മേഖലയില് ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്. മൂന്നാം അലോട്ട്‌മെന്റില് ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ഇനി ശേഷിക്കുന്നത്.
ശേഷിക്കുന്ന സീറ്റുകളുടെ മൂന്നിരട്ടി വിദ്യാര്ഥികളാണ് മലബാറില് പുറത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവന്കുട്ടി നിരത്തിയ കണക്കുകള് പൊളിയുകയും എസ്.എഫ്.ഐ ഉള്‌പ്പെടെ സംഘടനകള് സമരരംഗത്തിറങ്ങുകയും ചെയ്തതോടെ വിദ്യാര്ഥി സംഘടനകളെ ചര്ച്ചക്ക് വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റ നിര്‌ദേശപ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സെക്രട്ടേറിയറ്റ് അനക്‌സിലാണ് മന്ത്രി ശിവന്കുട്ടിയുടെ നേതൃത്വത്തിലുള്ള ചര്ച്ച.
സീറ്റ് ക്ഷാമം രൂക്ഷമായ മലബാറില് പ്രതിസന്ധിയില്ലെന്ന കണക്കുമായി ശനിയാഴ്ച രാവിലെ മന്ത്രി രംഗത്തുവന്നിരുന്നു. മന്ത്രി പുറത്തുവിട്ട കണക്കുകള് ഏതാനും മണിക്കൂറുകള്ക്കകം പൊളിഞ്ഞു.
അപേക്ഷകരുടെ എണ്ണം കുറച്ചുകാണിച്ചും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്ഥികളുടെ എണ്ണം, സീറ്റില്ലാത്തവരുടെ എണ്ണത്തില്‌നിന്ന് കുറച്ചുമുള്ള കൃത്രിമ കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. വിദ്യാര്ഥി സംഘടനകളായ എം.എസ്.എഫ്, കെ.എസ്.യു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉള്‌പ്പെടെയുള്ളവര് നേരത്തെ തന്നെ സീറ്റ് ക്ഷാമത്തില് പ്രക്ഷോഭപാതയിലാണ്.
വിദ്യാര്ഥികളുടെ പ്രതിസന്ധി തിരിച്ചറിഞ്ഞതോടെ എസ്.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റിയും സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇവര് മലപ്പുറം കലക്ടറേറ്റിലേക്ക് മാര്ച്ച് പ്രഖ്യാപിച്ചത് സര്ക്കാറിനെ കൂടുതല് പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രി ചര്ച്ച വിളിച്ചത്.
മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞാല് സ്ഥിതി വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില് നല്കിയ ഉറപ്പും ലംഘിക്കപ്പെട്ടു. മതിയായ കുട്ടികളില്ലാത്ത 129 ബാച്ചുകള് മധ്യ, തെക്കന് കേരളത്തിലെ സ്‌കൂളുകളിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും അതില് തൊടാന് സര്ക്കാര് തയാറായിട്ടില്ല. ഇതില് 30 ബാച്ചുകളില് പത്തില് താഴെ വിദ്യാര്ഥികള് മാത്രമാണ് പ്രവേശനം നേടിയിരുന്നത്.