HealthKERALAtop news

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; മൂക്കിലൂടെ ശരീരത്തില്‍ കടന്ന് മസ്തിഷ്‌ക ജ്വരമുണ്ടാക്കും, പൂളില്‍ കുളിക്കുമ്പോള്‍ കരുതല്‍ വേണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണംറിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഗേഷിന്റെയും മകള്‍ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിമൂന്നുകാരിയായ ദക്ഷിണ ജൂണ്‍ 12-നാണ് ചികിത്സയിലിരിക്കേ മരണപ്പെട്ടത്. തലവേദനയും ചര്‍ദിയും ബാധിച്ചാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോകവേ പൂളില്‍ കുളിച്ചതിലൂടെയാണ് അണുബാധ ശരീരത്തിലെത്തിയതെന്നാണ് പ്രാഥമികനിഗമനം. പൂളില്‍ കുളിച്ച് മൂന്നരമാസം കഴിഞ്ഞാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായത്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ച് അഞ്ചുദിവസം കൊണ്ട് രോഗലക്ഷണങ്ങള്‍ കാണാറുണ്ട്.

ഇക്കഴിഞ്ഞ മേയില്‍ തിരൂരങ്ങാടി സ്വദേശിയായ അഞ്ചുവയസ്സുകാരിയും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. പനിയും തലവേദനയും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങളും പ്രതിരോധ നടപടികളും

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോയായ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close