തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളും മരുന്നു വിതരണം നിര്‍ത്താന്‍ ആലോചിച്ച് ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം. 44 കോടി 60 ലക്ഷം രൂപയില്‍ അധികമാണ് എച്ച്എല്‍എല്‍ കമ്പനിക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കാനുള്ളത്.
അത്യാഹിത വിഭാഗത്തിലെ ചികിത്സ, മെഡിസെപ്, കാരുണ്യ ബനവലന്റ് ഫണ്ട്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇങ്ങനെ വിവിധ പദ്ധതികളിലെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാത്രം മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തില്‍ 2,96,56,2453 രൂപയാണ് എച്ച്എല്‍എല്‍ കമ്പനിക്ക് കുടിശ്ശികയായി കിട്ടാനുള്ളത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 3,91,52,892 രൂപ, പരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 1,88,68,281 രൂപ, കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 4,45,99,771 രൂപ, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 4 ,68,83,664 രൂപയും എച്ച്എല്‍എല്ലിന് കിട്ടാനുണ്ട്.
കൃത്യമായ കണക്ക് ആശുപത്രി അധികൃതര്‍ക്ക് യഥാസമയം നല്‍കുന്നുണ്ടെങ്കിലും മറുപടി ലഭിക്കുന്നില്ല എന്ന പരാതിയാണ് എച്ച്എല്‍എല്‍ ഉന്നയിക്കുന്നത്. 2018 മുതലുള്ള കുടിശ്ശികയാണ് പലയിടങ്ങളില്‍ നിന്നും എച്ച്എല്‍എല്ലിന് കിട്ടാനുള്ളത്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ എച്ച് എല്‍ എല്ലിന്റെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു തുടങ്ങി. ഈ ഘട്ടത്തിലാണ് വിതരണം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ എച്ച് എല്‍ എല്‍ തീരുമാനിച്ചത്.
കാരുണ്യ ഫാര്‍മസി വഴി ലഭിക്കാത്ത പല ഉപകരണങ്ങളും മരുന്നുകളും എച്എല്‍എല്‍ വഴിയാണ് കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാക്കിയിരുന്നത്. പൊതുവിപണിയെക്കാള്‍ കുറഞ്ഞ നിരക്ക് ആയതുകൊണ്ട് തന്നെ ഇത് പൊതുജനങ്ങള്‍ക്ക് ആശ്വാസകരവും ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് ആരോഗ്യ വകുപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും, ധനവകുപ്പ് കനിഞ്ഞാലേ പണം നല്‍കാന്‍ ആകൂ എന്ന് പറയുമ്പോഴും അത് എന്ന് നല്‍കാന്‍ കഴിയും എന്നതില്‍ ആരോഗ്യ വകുപ്പിന് വ്യക്തതയില്ല.