കോഴിക്കോട്: പാളയം കോട്ടപറമ്പ് ഹോസ്പ്പിറ്റലിൻ്റെ മുൻവശമുള്ള മൂന്ന് കടകൾ കുത്തിതുറന്ന് കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് സക്കറിയ (41) @ കളരാന്തിരി സക്കറിയ,കൊടുവള്ളി എന്നയാളെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കെ.ജിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ സബ്ബ് ഇൻസ്പെക്ടർ ജഗ് മോഹൻദത്തൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി. മോഷണം നടന്ന കടകളിലും ചുറ്റുമുള്ള കടകളിലെയും CCTV ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പ്രതി വയനാട് ബത്തേരി ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബത്തേരിയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞു വരവെ പ്രതിയെ കസബ പോലീസ് സബ്ബ് ഇൻസ്പെകർ പാർട്ടിയും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 6 തിയ്യതി തിരുവനന്തപുരം സെൻട്രൽ ജയിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി പല സ്ഥലത്തു മോഷണം നടത്താൻ ശ്രമിക്കുകയും പിന്നീട് കോഴിക്കോട് എത്തി മോഷണം നടത്താൻ ലോഡ്ജിൽ റൂം എടുത്ത് താമസിച്ച് കോട്ടപറമ്പിലെ മൂന്ന് കടകളിൽ മോഷണം നടത്തുകയായിരുന്നു. തുടർന്ന് സുൽത്താൻ ബത്തേരിയിൽ എത്തി ലോഡ്ജിൽ മുറിയെടുത്ത് ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു. കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി 150 ഓളം കേസ്സുകളിൽ ഇയാൾ പ്രതിയാണ്. കേരളത്തിലെ വിവിധ പോലീസ് സറ്റേഷനുകളിലായി പ്രതിക്ക് 15 ഓളം വാറൻറുകൾ നിലവിൽ ഉണ്ട്. കുടുതൽ കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തുണ്ടെന്ന് പോലീസ് അറിയിച്ചു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനൂജ് പലിവാളിൻ്റെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തി 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാരയും മോഷണമുതലുകളും പോലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തു
സബ്ബ് ഇൻസ്പെക്ടർ ജഗ് മോഹൻദത്തൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ പി, സുധർമ്മൻ പി, രാജീവ് കുമാർ പാലത്ത്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, സൈബർ സെൽ ഉദ്യോഗസ്ഥർ എന്നിവർ ആയിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നു.