top news
വിഴിഞ്ഞം പോര്‍ട്ട് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ദീര്‍ഘനാളായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് വിഴിഞ്ഞം പോര്‍ട്ട് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു. കേരള വികസനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. രാജ്യത്തിന് തന്നെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്. ലോകത്ത് തന്നെ ഇത്തരം തുറമുഖങ്ങള്‍ വിരലിലെണ്ണാവുന്നതേയുള്ളൂ. ലോകത്തെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞത്ത് യാഥാര്‍ത്ഥ്യമായതെന്നും ഇതിലൂടെ ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദിയും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
2045ല്‍ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 2028-ഓടെ വിഴിഞ്ഞം സമ്പൂര്‍ണ്ണ തുറമുഖമായി മാറും. അദാനി ഗ്രൂപ്പ് പൂര്‍ണ്ണമായും സഹകരിച്ചു. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നത് പല വാണിജ്യ ലോബികള്‍ക്കും ഇഷ്ടമായിരുന്നില്ല. ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചില സ്ഥാപിത താല്പര്യക്കാര്‍ നിലപാടെടുത്തു. അതിനൊന്നും നമ്മുടെ ശക്തിയെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. വിഴിഞ്ഞത്തെ അഴിമതിക്കുള്ള വഴിയായി ഉപയോഗിക്കരുത് എന്ന ധാരണ നമുക്കുണ്ടായിരുന്നു. അതിന്റെ സാധ്യതയെക്കുറിച്ച് നമ്മള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ നടത്തിയ വിഴിഞ്ഞം സമരത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ മുന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ നല്ല ശ്രമം നടത്തിയ മന്ത്രിയാണ് അഹമ്മദ് ദേവര്‍കോവിലെന്നും അദ്ദേഹം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു എന്നത് ഓര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം കാരണമാകും. വിഴിഞ്ഞത്ത് കപ്പലെത്തുമ്പോള്‍ നികുതി വരുമാനം വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്‍വാനന്ത സോനോവാളും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി. ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോന്‍സിഞ്ഞോര്‍ നിക്കോളാസ് ചടങ്ങില്‍ പങ്കാളിയായി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തിയിരുന്നു.
കപ്പല്‍ പുറപ്പെട്ടു കഴിഞ്ഞാല്‍ മാരിന്‍ അസൂര്‍, സീസ്പാന്‍ സാന്‍ഡോസ് എന്നിങ്ങനെ രണ്ട് ഫീഡര്‍ വെസലുകള്‍ വിഴിഞ്ഞതെത്തും. രണ്ടുമാസം ട്രയല്‍റണ്‍ തുടരുമെന്നും സെപ്തംബറോടെ തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും പ്രതികരണം.