വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ വെടിവെപ്പ്. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അക്രമി കൊല്ലപ്പെട്ടതായും വിവരമുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.