top news
ജോയിയുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യന്‍ റെയില്‍വേക്കാണെന്ന് മന്ത്രി വി ശിവന്‍കുട്ടി
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എന്‍ ജോയിയുടെ മരണത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ജോയിയുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യന്‍ റെയില്‍വേക്കാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരമാവധി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപെട്ട ഒരാളുടെ ജീവനാണ് നഷ്ടപെട്ടിരിക്കുന്നത്. റെയില്‍വേ ഏല്‍പ്പിച്ച കരാറുകാരന്‍ കൊണ്ടുവന്നത് ആകെ മൂന്നു തൊഴിലാളികളെയാണെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നു പേരെ കൊണ്ട് അവിടെ ഒരു ശുചീകരണവും നടക്കില്ല, മറ്റൊരു ഏജന്‍സിക്കും റെയില്‍വേ പരിസരം ശുചീകരിക്കാന്‍ പറ്റില്ല. അവിടെയും പരിസരവും വൃത്തിയാക്കാന്‍ എത്രയും വേഗം ഇന്ത്യന്‍ റെയില്‍വേ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മാലിന്യനീക്കം നടത്തേണ്ടത് റെയില്‍വേയാണെന്നും റെയില്‍വേ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ച കാണിക്കല്‍ പതിവാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കൂടാതെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിക്കുകയും ചെയ്തു. മഴക്കാല പൂര്‍വ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവ് പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും തദ്ദേശ, ആരോഗ്യ മന്ത്രിമാരെ കുറ്റം പറയാതെ മരണപെട്ടയാളുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz