top news
ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍ അന്തരിച്ചു
തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍(90) അന്തരിച്ചു. ബുധനാഴ്ച രാത്രി മണിപ്പാലില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാല്‍ യൂണിവേഴ്‌സിയുടെ ആദ്യ വി.സിയുമായിരുന്നു.
ശ്രീചിത്രയിലെ ഡയറക്ടറായി സ്ഥാനമേറ്റതിനു പിന്നാലെ കൃത്രിമ വാല്‍വുകളുടെ നിര്‍മാണ പ്രക്രിയയില്‍ ഡോ. വല്യത്താന്‍ വഹിച്ച പങ്ക് വളരെവലുതായിരുന്നു. വിദേശത്തുനിന്ന് വലിയ പണംമുടക്കി വാങ്ങിയിരുന്ന വാല്‍വുകള്‍ ശ്രീചിത്രയില്‍ തന്നെ കുറഞ്ഞവിലയില്‍ നിര്‍മിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയംകണ്ടു. ഇരുപതുവര്‍ഷത്തെ ശ്രീചിത്രയിലെ സേവനത്തിനുശേഷം മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. 1999 വരെ ഈ പദവിയില്‍ തുടര്‍ന്നിരുന്നു.
മാര്‍ത്താണ്ഡവര്‍മയുടെയും ജാനകിയമ്മയുടെയും മകനായി 1934 ലാണ് ജനനം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയതിനുശേഷമാണ് ഡോ. എം.എസ്. വല്യത്താന്‍ ആതുരസേവനരംഗത്തേക്ക് കടന്നുവരുന്നത്. ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദം നേടി. ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ് വാഷിങ്ടണ്‍, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയയില്‍ കൂടുതല്‍ പരിശീലനം നേടിയ ശേഷം 1972-ല്‍ ഇന്ത്യയിലേക്ക് തിരികെയെത്തി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
കേരളത്തില്‍ ജനിച്ച് മാവേലിക്കരയിലെ സര്‍ക്കാര്‍ സ്‌കൂളിലും കേരളസര്‍വകലാശാലയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പഠിച്ച് വളര്‍ന്ന തന്റെ സേവനം ഈ നാടിനുതന്നെ നല്‍കണമെന്ന ദൃഢനിശ്ചയത്തിലാണ് ഡോ. വലിയത്താന്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. 1972-ല്‍ അമേരിക്കയില്‍നിന്ന് എത്തിയ ഡോ. വലിയത്താന്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് കെട്ടിപ്പടുത്തതാണ് ഇന്ന് രാജ്യത്തിനാകെത്തന്നെ അഭിമാനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ആരോഗ്യശാസ്ത്ര ഗവേഷണ രംഗത്ത് ലോകനിലവാരമുള്ള ഇന്ത്യയിലെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്. ഡോ. വലിയത്താന്റെ നേതൃത്വത്തില്‍ ശ്രീചിത്രയില്‍ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാല്‍വ് ഒരു ലക്ഷത്തിലധികം രോഗികളില്‍ വെച്ചുപിടുപ്പിച്ചിട്ടുണ്ട്.രണ്ടു ദശകംകൊണ്ട് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചികിത്സാ ഗവേഷണ രംഗങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി.
More news; സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍
ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിച്ച് കൊണ്ടുപോകേണ്ടതിനേക്കുറിച്ചും നിരന്തരം സംസാരിച്ചയാളാണ്. ഇന്ത്യയിലെ ആരോഗ്യമേഖലയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ച് 2005-ല്‍ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഹോമി ഭാഭ കൗണ്‍സിലിന്റെ സീനിയര്‍ ഫെലോഷിപ്പോടെ ആയുര്‍വേദ പൈതൃകത്തെക്കുറിച്ച് ഡോ. വലിയത്താന്‍ നടത്തിയ പഠനങ്ങള്‍ ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗവേഷണ പരിശ്രമങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജ്ഞാനബോധ്യങ്ങളോടെ ആയുര്‍വേദ ചിന്തകളെ സമീപിക്കുന്ന ഈ പഠനത്തില്‍ ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ജ്ഞാനപൈതൃക ഗരിമ അവതരിപ്പിക്കുന്ന മൂന്ന് ബൃഹദ് ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചത്.