കോഴിക്കോട് : ഏറെ കോളിളക്കം സൃഷ്ടിച്ച താനൂർ കസ്റ്റഡി മരണ കേസിൽ യഥാർത്ഥ വസ്തുത വിളിച്ചു പറഞ്ഞും, നിരപരാധികളായ അഞ്ച് പോലീസ്കാകാരുടെ സസ്പെൻഷന് കാരണമായ സത്യം പുറത്തുവിട്ടും പോലീസുകാരൻ എഴുതിയ കുറിപ്പ് വൈറലായി. സംഭവ ദിവസം താനൂർ പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ആശിഷ് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പാണ് സേനാംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. പ്രമാദമായ മുട്ടിൽ മരംമുറി കേസിൽ അന്വഷണ ഉദ്യോഗസ്ഥനായിരുന്ന വി.വി. ബെന്നി താനൂർ ഡിവൈഎസ്പി ആയിരിക്കുമ്പോഴാണ് മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള ഒരു ചാനൽ താനൂർപോലീസിനെ അന്ന് കടന്നാക്രമിച്ചത്. ആശിഷിൻ്റെ കുറിപ്പ് താഴെ –
താനൂരിൽ MDMA കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത താമീർ ജെഫ്രി മരണപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് 8 പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ സത്യാവസ്ഥ ഇന്നു വരെ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു സമൂഹത്തിൽ ഏറ്റവും വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന MDMA കച്ചവടം ചെയ്തതിനു പിടിക്കപ്പെട്ട 5 പേരിൽ ഒരാളായിരുന്നു താമിർ. അമിതമായ MDMA ഉപയോഗത്തെ തുടർന്ന് ഹൃദ്രോ ഗബാധിതനായിരുന്ന താമിർ പിടിക്കപെടുമെന്നു ഉറപ്പായപ്പോൾ 2 പായ്ക്കറ്റ് MDMA വിഴുങ്ങിയിരുന്നു. ഇത് രാസപരിശോധന ഫലത്തിൽ വ്യക്തമായിരുന്നു. ജനപ്രീതി ലഭിക്കുന്നതിനായി പോലീസുകാരെ പ്രതിക്കൂട്ടിലാക്കി ഇത്തരം ക്രിമിനൽ സംഘത്തെ സഹായിക്കുന്ന മാധ്യമങ്ങൾ നശിപ്പിച്ചത് സത്യസന്ധതയോടെ ജോലി ചെയ്തിരുന്ന പോലീസുകാരെയും അവരുടെ കുടുംബങ്ങളേയുമാണ്. മാധ്യമവിചാരണ ചെയ്ത് നിങ്ങൾ മാധ്യമങ്ങൾ നശിപ്പിച്ചത് കേരളത്തിലെ ഓരോ പോലീസുകാരുടെയും മനോവീര്യത്തെയാണ്. അതോടൊപ്പം വളർത്തി എടുത്തതോ ആരെയും പേടിക്കാതെ കേരളത്തിൽ MDMA കച്ചവടം നടത്താമെന്നും അതിനെതിരെ തങ്ങളെ ആർക്കും തൊടാൻ പോലും കഴിയില്ല എന്നുള്ള ധൈര്യത്തെയുമാണ്. 5 നിരപരാധികളെ MDMA കള്ളക്കേസിൽ പോലീസ് കുടുക്കിയെന്നായിരുന്നു മാധ്യമങ്ങളുടെ അന്നത്തെ പ്രചരണം. അതേ കേസിലെ മൂന്നാം പ്രതി കഴിഞ്ഞ ദിവസം അന്ന് പിടിച്ചതിന്റെ 4 ഇരട്ടി MDMA യുമായി എക്സൈസിന്റെ പിടിയിലായിരിക്കുന്നു. ഈ സംഭവത്തെ ചർച്ച ചെയ്യാൻ ഏതെങ്കിലും മാധ്യമങ്ങൾ ഉണ്ടോ? കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന് ലഹരിയിൽ നിന്നും രക്ഷിക്കേണ്ടതല്ലേ മാധ്യമങ്ങളുടെ യഥാർത്ഥ ധർമ്മം? മയക്കുമരുന്നിനെതിരെ ഒരു അന്വേഷണം നടത്താൻ കേരളത്തിലെ മാധ്യമങ്ങൾക്ക് കഴിയുമോ? കേരളത്തിലെ തന്നെ പ്രമുഖ കച്ചവടക്കാരെയാണ് അന്ന് താനൂർ കേസിൽ പോലീസ് പിടികൂടിയത്. (വാ മോനെ പോലീസ് സ്റ്റേഷനിൽ പോകാം എന്ന് പറഞ്ഞാൽ ഒരു മയക്കുമരുന്നുകാരനും ജീപ്പിൽ കയറില്ല ) ദിവസങ്ങളോളം ഉറക്കം ഉറക്കമിളച്ച് അന്ന് തൊണ്ടിമുതലോടെ വൻ സംഘത്തെ വലയിലാക്കിയവർ ഇന്ന് ജയിൽ അറയ്ക്കുള്ളിൽ ആണ്. അവരുടെ നീതിക്കായി ഇനിയും കാത്തിരിക്കാം.
ആശിഷ്
തിരൂർ പോലീസ് സ്റ്റേഷൻ മലപ്പുറം
(താനൂർ കേസിൽ 10 മാസം സസ്പെൻഷനിൽ ആയിരുന്നു.)