KERALAlocal

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ യു സി ബാലകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നുംചാലില്‍ യു സി ബാലകൃഷ്ണന്‍ (72) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് പേരാമ്പ്രയില്‍.
ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. 1981 ഫെബ്രുവരിയില്‍ പ്രൂഫ് റീഡറായാണ് ജോലിയില്‍ പ്രവേശിച്ചത്. കോഴിക്കോട് സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കെ 2012 നവംബര്‍ 30ന് വിരമിച്ചു. സിപിഐ എം ദേശാഭിമാനി തൃശൂര്‍ യൂണിറ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെസ്വൈഎഫിന്റെയും ഡിവൈഎഫ്‌ഐയുടെയും പേരാമ്പ്ര പഞ്ചായത്ത് ഭാരവാഹി, കര്‍ഷകസംഘം പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പുറ്റംപൊയില്‍ റെഡ് സ്റ്റാര്‍ തിയറ്റേഴ്സ് സ്ഥാപക സെക്രട്ടറിയാണ്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകനുമായിരുന്നു. അടിയന്തരാവസ്ഥകാലത്ത് സി കെ ജി സ്മാരക ഗവ. കോളേജ് എന്‍എസ്എസ് ക്യാമ്പില്‍നിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു.
എസ്എസ്എല്‍സിക്കു ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം അഞ്ചുവര്‍ഷം ഉപരിപഠനം മുടങ്ങി. ഇക്കാലത്ത് റേഷന്‍ കട യില്‍ ജോലി നോക്കി. പിന്നീട് പേരാമ്പ്രയില്‍ സി കെ ജി കോളേജ് തുടങ്ങിയപ്പോള്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ബിരുദം. ഗുരുവായൂരപ്പന്‍ കോളേജ് യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. കുറച്ചുകാലം പാരലല്‍ കോളേജ് അധ്യാപകനായും ജോലി നോക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. പേരാമ്പ്രയിലെ പരേതരായ ഉണ്ണിക്കുന്നും ചാലില്‍ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: ബിപിന്‍, ഇഷിത (അബുദാബി). മരുമകന്‍: അനുജിത്ത് (അബുദാബി).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close