കോഴിക്കോട്: വയനാട്ടിലെ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോർപറേഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മുസ്‍ലിം ലീഗിലെ കെ.മൊയ്തീൻകോയയുടെ അടിയന്തര പ്രമേയം മേയറുടെ നേരിട്ടുള്ള പ്രമേയം തന്നെയാക്കി പരിഗണിച്ചാണ് ഈ തീരുമാനമെടുത്തത്. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അധിക സഹായം ലഭ്യമാകും. ഇതിന് പുറമേ കേന്ദ്ര കലാമിറ്റി കണ്ടിജൻസി ഫണ്ട് ലഭിക്കുന്നതിനും സാഹചര്യമുണ്ടാകും – മേയർ പറഞ്ഞു . കെട്ടിട നമ്പർ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോർപറേഷൻ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കോർപറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടി കോർപറേഷൻ വീഴ്ചയാണന്ന് ആരോപിച്ച് കെ.സി ശോഭിതയാണ് ശ്രദ്ധ ക്ഷണിച്ചത്. സസ്‌പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ കോർപറേഷൻ ഹൈക്കോടതിയിൽ അപ്പീൽ പോയന്ന് മേയർ മറുപടി നൽകി. എന്നാൽ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചില്ലന്നും കോർപറേഷൻ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണന്നും ശോഭിത കുറ്റപ്പെടുത്തി. ഹൈക്കോടതിയിൽ നിന്നും അപ്പീൽ ഫയലിൽ സ്വീകരിക്കാത്ത കാര്യം കോർപറേഷനെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മേയർ വിശദീകരിച്ചതോടെ പ്രതിപക്ഷം മേയറും സെക്രട്ടറിയും ഒഴിയണമെന്നാവശ്യപ്പെട്ടുള്ള ബാനറുമായി പ്രതിഷേധിച്ചത്. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ ഈ മാസം പരിഹരിച്ചില്ലെങ്കിൽ സപ്തംബറിൽ വാട്ടർ അതോറിറ്റി മുമ്പാകെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്നും മേയർ പറഞ്ഞു.