top news
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്
കൊച്ചി:എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. കമ്പനി നിയമത്തിന് വിരുദ്ധമാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന കേസിലാണ് നടപടി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സെഷന്‍സ് കോടതിയുടെ നോട്ടീസ് അയച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും സെപ്തംബര്‍ 27ന് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണം.
എന്‍എസ്എസ് ഭാരവാഹികളും ഡയറക്ടര്‍മാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തില്‍ അനര്‍ഹമായി തുടരുന്നുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ.വിനോദ് കുമാറാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്‍എസ്എസ് നേതൃത്വം കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകള്‍ക്ക് നിയമസാധുതയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജി സുകുമാരന്‍ നായര്‍ക്ക് നേരത്തെ പലതവണ നേട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസുകള്‍ അവഗണിക്കുകയും ഹാജരാകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. സെപ്തംബര്‍ 27 ഹര്‍ജി കോടതി വീണ്ടും പരിഗണിക്കുന്നതാണ്.