കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. തനിക്കെതിരെയും മോശമായ പെരുമാറ്റമുണ്ടായതായി സോണിയ പറഞ്ഞു. സിനിമയില്‍ വലിയ സ്വാധീനമുള്ള പ്രമുഖ നടനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായത്. ഇയാള്‍ റൂമിലേക്ക് വരാനാനായി ഫോണില്‍ സന്ദേശമയയ്ക്കുകയായിരുന്നു. മോള്‍ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വെളിപ്പെടുത്തി.
ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു. ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല. അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ കാണിക്കുന്നില്ല എന്നും സോണിയ തിലകന്‍ പറഞ്ഞു. മലയാള സിനിമയിലെ ഒരു പ്രധാന നടന്റെ മകളായിട്ട് കൂടി തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായെങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂവെന്നും സോണിയമാധ്യമങ്ങളോട് പറഞ്ഞു.