top news
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. സിനിമാലോകത്തെ നിഗൂഢതകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മലയാള സിനിമയ്ക്ക് ഭൂഷണമല്ലാത്ത പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അതിന്റെ അടിവേര് അറുക്കാനുള്ള സമരമാണ് സിനിമയിലെ വനിതകള്‍ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു.
ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സിനിമ സയം രൂപീകരിക്കാനുള്ള ആശയവിനിമയം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജസ്റ്റിസ് ഹേമ തന്നെ സ്വകാര്യത മാനിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത് കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതെന്നും പി രാജീവ് പറഞ്ഞു.
2019 ഡിസംബര്‍ 31നാണ് മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.