ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാന്‍ കാരണം മന്ത്രി ഉള്‍പ്പെടുന്ന 15 അംഗ പവര്‍ ഗ്രൂപ്പെന്ന് സംവിധായകന്‍ വിനയന്‍. പുതിയ തലമുറയ്ക്ക് സിനിമയിലേക്ക് വരുന്നതിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍. പല സിനിമാക്കാരും മന്ത്രിമാരും ഇതിനെ ലഘൂകരിച്ച് സംസാരിക്കുന്നത് കണ്ടു. ഇനിയും ഉറക്കം നടിക്കരുത് എന്നാണ് പറയാനുള്ളത്. സിനിമ കോണ്‍ക്ലേവ് വിളിക്കാനുള്ള സര്‍ക്കാര്‍ നടപടി സ്വീകാര്യമാണ്. എന്നാല്‍ ഈ കോണ്‍ക്ലേവ് നയിക്കുന്നത് ഈ പവര്‍ ഗ്രൂപ്പാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വിനയന്‍ പറഞ്ഞു.
‘സിനിമാ രംഗത്തെ മാഫിയ സംഘങ്ങളുടെ പീഡനം എറ്റവുമധികം അനുഭവിച്ച വ്യക്തിയാണ് ഞാന്‍, അത് ലൈംഗിക പീഡനം അല്ലെന്ന് മാത്രം. മാക്ട തകര്‍ക്കുന്നതിന് പിന്നില്‍ ഒരു നടനാണ് എന്ന് ഇന്ന് പത്രത്തില്‍ എഴുതിയിരിക്കുന്നത് കണ്ടു. സിനിമാമേഖലയിലെ പല പ്രശ്‌നങ്ങളിലും മാക്ട ഇടപെട്ടിരുന്നു.
വിനയന്റെ കീഴില്‍ ഈ സംഘടന മുന്നോട്ട് പോയാല്‍ പ്രശ്‌നമാണ് എന്ന് കരുതിയ പല പ്രമുഖരുണ്ടായിരുന്നു. 2008 ജൂലൈയില്‍ സരോവരം ഹോട്ടലില്‍ വെച്ച് മലയാള സിനിമയിലെ പ്രമുഖര്‍ എല്ലാം ചേര്‍ന്ന് ഒരു മീറ്റിംഗ് നടത്തി. അവിടെ വെച്ചാണ് മാക്ട തകര്‍ക്കുന്നതും പകരം അമ്മയും പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേറ്റിനും ഫണ്ട് നല്‍കി ഒരു സംഘടന രൂപീകരിക്കുന്നത്. അന്ന് ആ മീറ്റിംഗില്‍ ആവേശത്തോടെ പ്രസംഗിച്ച ഇന്ന് മന്ത്രിയായിട്ടുള്ളയാള്‍ ഉള്‍പ്പടെയുള്ള പവര്‍ ഗ്രൂപ്പിലുള്ള 15 പേര്‍ തന്നെയാണ് മലയാള സിനിമയിലെ തെമ്മാടിത്തരങ്ങളെ പിന്തുണയ്ക്കുന്നത്,’ വിനയന്‍ പറഞ്ഞു.