top news
ആരോപണങ്ങള്‍ എല്ലാ കാലത്തുമുണ്ടാകാറുണ്ട് പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കണം ; റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഇന്ദ്രന്‍സ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്.സാക്ഷരത മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാന്‍ അട്ടംക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലെത്തിയപ്പോഴായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. സിനിമാ മേഖലയിലെ ഇത്തരം ആരോപണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രന്‍സ് പ്രതികരിച്ചു. ആര്‍ക്കെതിരെയും എന്തും പറയാമല്ലോ എന്ന് പറഞ്ഞ ഇന്ദ്രന്‍സ് തനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും പറഞ്ഞു. താന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല. തനിക്ക് കൂടുതലൊന്നും അറിയില്ല. സംസാരിച്ചില്ലെങ്കില്‍ മിണ്ടാതെ പോയെന്ന് പറയും. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നതുകൊണ്ട് പ്രതികരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആരോപണങ്ങളില്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരാണല്ലോ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി വെള്ളിയാഴ്ചയാണ് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്.