top news
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന് സിദ്ദിഖ്.
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന് സിദ്ദിഖ്. രാജികത്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ചിട്ടുണ്ട്. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. രണ്ടു വരിയിലാണ്
സിദ്ദിഖിന്റെ രാജി കത്ത്. ‘നിലവിലെ ആരോപണങ്ങള്‍ അറിഞ്ഞു കാണുമല്ലോ,
ഈ സാഹചര്യത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് അനുവദിക്കണം’-എന്നാണ് രാജികത്തിലുള്ളത്. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് സ്വമേധയാ രാജിവയ്ക്കുകയാണെന്ന് സിദ്ദിഖ് പ്രതികരിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്താണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും തുടര്‍നടപടി സ്വീകരിക്കുക. ജനറല്‍ സെക്രട്ടറിക്കെതിരെയുള്ള ലൈംഗികാരോപണം അമ്മ സംഘടനയിലും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
നടന് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് വ്യക്തമാക്കിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയിരുന്നു. ആ ദുരനുഭവം പറയാന്‍ പോലും സമയമെടുത്തു. ഉന്നതരായ പല ആളുകളും മാറ്റിനിര്‍ത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ക്രിമിനല്‍ ആക്ടിവിറ്റി എന്ന് വിശേഷിപ്പിച്ച ആളാണ് സിദ്ദിഖ്. അതേ ക്രിമിനല്‍ ആക്ടിവിറ്റിയാണ് നടന് തന്നോടും ചെയ്തതെന്ന് രേവതി പറഞ്ഞു. നിയമ നടപടിക്ക് ശ്രമിച്ചെങ്കിലും ഉന്നതരായ സിനിമക്കാരുടെ സ്വാധീനം കൊണ്ട് അതിന് സാധിച്ചില്ലായിരുന്നു. അത്രത്തോളം പീഡനം അനുഭവിച്ചതിനാല്‍ ഇനി നിയമനടപടിക്കില്ലെന്നും രേവതി സമ്പത്ത് പറഞ്ഞു.