top news
ചംപയ് സോറന്‍ ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്ക്. വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് നിഗമനം. റാഞ്ചിയില്‍ വെച്ചായിരിക്കും പാര്‍ട്ടി പ്രവേശം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചംപയ് സോറന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ മറുവശത്തേക്ക് മാറുന്നത് തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മിനെ ബാധിക്കുമെന്നതില്‍ സംശയമില്ല.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്ന് ചംപയ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ചംപയ് സോറന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് എക്‌സില്‍ കുറിച്ചത്.
ഇത് തങ്ങള്‍ക്കുള്ള മികച്ച തിരിച്ചറിവാണെന്നും ചംപയ് സോറന്‍ എന്തായിരുന്നുവെന്നത് വ്യക്തമായെന്നുമായിരുന്നു ഹേമന്ത് സോറന്‍ പിന്‍ഗാമികളുടെ പ്രതികരണം. സ്വതന്ത്രനായി മത്സരിച്ചിരുന്നുവെങ്കില്‍ അത് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് ക്ഷീണമുണ്ടാക്കിയേനെയെന്നും ഇവര്‍ പറഞ്ഞു.
നേരത്തെ ചംപയ് സോറന്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിയില്‍ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്‌കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുന്നതായി അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കുരുക്കുമുറുക്കിയതോടെ സ്ഥാനമൊഴിഞ്ഞ ഹേമന്ത് സോറന് പകരക്കാരനായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയതായിരുന്നു ചംപയ് സോറന്‍. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഹേമന്ത് സോറന്‍ ജയിലില്‍ നിന്ന് തിരിച്ചെത്തിയതോടെ ചംപയ് സ്ഥാനമൊഴിയുകയായിരുന്നു. ഇതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു.അധികാര തകര്‍ക്കവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനുമായി അകല്‍ച്ചയിലാണ്. ആറ് എംഎല്‍എമാരും ചംപയ് സോറനൊപ്പം പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.