കണ്ണൂര്‍: ലിഫ്റ്റില്‍ വച്ച് മുതിര്‍ന്ന നടന് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഉഷ. മലയാള സിനിമയില്‍ എല്ലാവരും ആരാധിച്ചിരുന്ന ആ മുതിര്‍ന്ന നടനില്‍ നിന്ന് അത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. അപ്പോള്‍ തന്നെ അയാളുടെ കരണക്കുറ്റിക്ക് അടി കൊടുത്തു. 1992ല്‍ ഗള്‍ഫ് ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം. ചോദ്യം ചെയ്തതോടെ അഹങ്കാരിയെന്നു മുദ്രകുത്തി. സിനിമയില്‍ അവസരം കുറഞ്ഞതായും നടി പറഞ്ഞു.
ആ നടന് ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും അതുകൊണ്ടു പേരുപറയുന്നില്ലെന്നും ഉഷ പറഞ്ഞു. എന്തിനാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്നു പലരും ചോദിക്കും. അന്ന് തന്നെ പ്രതികരിച്ചിട്ടുണ്ട്. ആ വിഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ടെന്നും ഉഷ പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായ ഉഷ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
” ബഹ്റൈനില്‍ ഒരു ഷോ നടക്കുന്നു. അതുകഴിഞ്ഞ് ഞങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ നില്‍ക്കുകയാണ്. നല്ല ക്ഷീണമുണ്ട് എല്ലാവര്ക്കും. സാധനങ്ങളെല്ലാം എടുത്ത് ഹാളിലേക്കു വരാന്‍ മോഹന്‍ലാല്‍ പറഞ്ഞു. നമുക്കവിടെ സംസാരിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മോനിഷ, രേവതി, സുകുമാരി എന്നിവരെല്ലാമുണ്ട്. ഞാന്‍ ലഗേജെടുത്ത് ലിഫ്റ്റിലേക്കു വന്നു. ഈ നടനുമുണ്ട് ലിഫ്റ്റില്‍. താഴോട്ടാണോ എന്നു ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ ലിഫ്റ്റില്‍ കയറി. ലിഫ്റ്റ് അടഞ്ഞതും അയാള്‍ വളരെ മോശമായി എന്നോടു പെരുമാറി. ഞാനയാളെ അടിച്ചു. അപ്പോഴേക്കും ലിഫ്റ്റ് അടുത്ത നിലയിലെത്തി”.
”നടി സുകുമാരിയമ്മ ലിഫ്റ്റില്‍ കയറി. എന്താ പ്രശ്നം എന്നു ചോദിച്ചു. പ്രശ്നമുണ്ടാക്കരുതെന്നു പറഞ്ഞ് അയാളെന്റെ കാലില്വീണു. ഞാനിതെല്ലാവരോടും പറയുമെന്നു പറഞ്ഞു. താഴെയുള്ളവരോട് ഞാനിക്കാര്യം പറഞ്ഞു. ലാലേട്ടന് വന്നു കാര്യം തിരക്കി. ഞാന്‍ എല്ലാം പറഞ്ഞു. ലാലേട്ടനും സുകുമാരിയമ്മയും എന്നെ ആശ്വസിപ്പിച്ചു. നീ അന്നേരം തന്നെ പ്രതികരിച്ചല്ലോ എന്നു പറഞ്ഞു. അന്നു തുടങ്ങിയ പ്രശ്നങ്ങളാണ്. സംഘടനയില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞു. അതോടെ അഹങ്കാരിയാണെന്നു മുദ്രകുത്താന്‍ തുടങ്ങി. ഞാന്‍ സൂപ്പര്‍സ്റ്റാറുകളോടു കൈ ചൂണ്ടി സംസാരിക്കുന്ന ആളാണാണെന്നൊക്കെ പറഞ്ഞു. സിനിമകള്‍ ഇല്ലാതായി”നടി ഉഷ പറഞ്ഞു.