കോഴിക്കോട്: വടകര ചേറോട് ദേശീയപാതയിൽ 2024 ഫെബ്രുവരി 17 ന് രാത്രി നടന്ന കാറപകടത്തിൽ മുത്തശ്ശി മരിക്കുകയും 9 വയസ്സായ കൊച്ചുമകൾ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്താത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ പോലീസ് മേധാവി ( കോഴിക്കോട്റൂറൽ) ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പൂർണവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നാലാഴ്ചക്കകം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 17 ന് രാത്രി 10 നാണ് കണ്ണൂർ മേലെ ചൊവ്വ സ്വദേശി തൃഷാനയെയും (9) മുത്തശ്ശി ബേബി (68) യെയും അമിത വേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിച്ചത്. ബേബി തൽക്ഷണം മരിച്ചു. മുണ്ടയാട് എൽ.പി സ്കൂളിൽ 5 ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തൃഷാനക്ക് ഗുരുതരമായി പരിക്കേറ്റു. 6 മാസമായി കോമയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് തൃഷാന. കാർ അമിത വേഗതയിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായതൃഷാനയുടെ അമ്മ പറഞ്ഞു. ചേറോട് ദേശീയ പാതയിലൂടെ കടന്നുപോയ വെള്ള നിറത്തിലുള്ള കാറാണ് ഇടിച്ചത്.
സി.സി.റ്റി.വി ഉൾപ്പെടേയുള്ള ആധുനിക സൗകര്യങ്ങളുണ്ടായിട്ടും വടകര പോലീസിന് വാഹനം കണ്ടെത്താനായില്ല. നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും തുമ്പുണ്ടായില്ല. ഇടിച്ച കാർ കണ്ടെത്താനായില്ലെങ്കിൽ ഇൻഷുറൻസ് സഹായം കിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹേബിലിറ്റേഷൻ സെന്ററിലെ വരാന്തയിലാണ് തൃഷാനയുടെ കുടുംബം കഴിയുന്നത്. ഇടിച്ച കാറിന്റെ നമ്പർ കണ്ടെത്താനാവത്തതു കാരണം വാഹനം കിട്ടിയില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.