top news
കോഴിക്കോട്ടെ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സെപ്തംബര്‍ 9 ന്
കോഴിക്കോട്ടെ പുതിയ ലുലു മാള്‍ സെപ്തംബര്‍ 9 ന് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുകയാണ്. കോഴിക്കോട് ജില്ലക്കാര്‍ക്ക് മാത്രമല്ല, മറ്റ് സമീപജില്ലകളിലേയും ആളുകള്‍ മാങ്കാവിലെ ഈ ലുലു മാളില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കോഴിക്കോടിന് പിന്നാലെ കോട്ടയത്തും പുതിയ മാളിന്റെ പ്രവര്‍ത്തനം ലുലു ഉടന്‍ ആരംഭിക്കും.
കേരളത്തില്‍ മാത്രല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. തമിഴ്നാട്, ഗുജറാത്ത്, ജമ്മു കാശ്മീര്‍, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പുതിയ ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയിലുടനീളം സാന്നിധ്യം വിപുലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിര്‍ദിഷ്ട ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂസഫലി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഷോപ്പിംഗ് മാള്‍ പദ്ധതി മാത്രം 7,500-ലധികം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും’ എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധവും സൗഹൃദവും ചരിത്രപരമാണ്, അത് അനുദിനം ശക്തിപ്പെടുകയാണ്. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ സന്ദര്‍ശനങ്ങള്‍ ഈ ബന്ധത്തെ മൊത്തത്തില്‍ ഒരു പുതിയ തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.’ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ-യുഎഇ ബിസിനസ് ഉച്ചകോടിയില്‍ യൂസഫലി പറഞ്ഞു.
‘ഷോപ്പിംഗ് മാളുകള്‍ക്ക് പുറമേ, ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാര്‍ക്ക് ഗുജറാത്തില്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ യു എ ഇ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു, അവിടെ ഞങ്ങളുടെ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രം ഉണ്ടാകും,’ യൂസഫ് അലി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ ലുലു ഗ്രൂപ്പ് നടത്താന്‍ പോകുന്ന നിക്ഷേപത്തെ കുറിച്ചും യൂസഫലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘സംസ്ഥാനത്തുടനീളം ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഞങ്ങള്‍ കൊണ്ടുവരും. ചെന്നൈയിലെ വിവിധ മേഖലകളില്‍ ഞങ്ങളുടെ സാന്നിധ്യം ഉരപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.’ അദ്ദേഹം പറഞ്ഞു.