top news
മെറ്റയുടെ സഹായത്തോടെ ഒരാഴ്ചകൊണ്ട് ഉത്തര്‍പ്രദേശ് പോലീസ് രക്ഷിച്ചത് 10 ജീവന്‍
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ സഹായത്തോടെ ഒരാഴ്ചകൊണ്ട് ഉത്തര്‍പ്രദേശ് പോലീസ് രക്ഷിച്ചത് 10 ജീവന്‍. 10 ആത്മഹത്യാ ശ്രമങ്ങളാണ് മെറ്റ പരാജയപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ വിവരങ്ങള്‍ മെറ്റ പോലീസുമായി പങ്കുവെച്ചിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ ആത്മഹത്യയില്‍ നിന്ന് തടയാന്‍ കഴിഞ്ഞു.
മെറ്റാ കമ്പനിയുടെ സഹായത്തോടെയാണ് സോഷ്യല്‍ മീഡിയയിലെ ആത്മഹത്യാ പോസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഇത്തരം 14 കേസുകളാണ് ശ്രദ്ധയില്‍ പെട്ടതെന്നും ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഉടനടി നടപടി സ്വീകരിക്കുക വഴി 10 ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആളുകളോടും കുടുംബത്തോടും പോലീസ് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മെറ്റ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് പോലീസിനെ ബന്ധപ്പെടും. പോലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെന്ററില്‍ ഫോണിലൂടെയോ ഇ മെയിലിലൂടെയോ ഉടന്‍ തന്നെ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ഈ ഡെസ്‌കുമായി എസ്ടിഎഫ് സെര്‍വറിനെ സംയോജിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ ഇത്തരം പോസ്റ്റ് പങ്കുവെച്ചയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും യുപി -112ക്ക് കൈമാറുകയും ത്വരിത നടപടി സ്വീകരിക്കുകയും ചെയ്യും.