top news
എല്ലാവര്‍ക്കും ചരിത്രവും പാരമ്പര്യവും ഉണ്ടെന്ന് രാഹുല്‍ഗാന്ധി
ആര്‍എസ്എസിനെ കടന്ന് ആക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ബഹുസ്വരതയെ മനസിലാക്കാന്‍ ആര്‍എസ്എസിന് സാധിച്ചിട്ടില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നിങ്ങള്‍ പഞ്ചാബില്‍ നിന്നോ ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ആകട്ടെ, എല്ലാവര്‍ക്കും ചരിത്രവും പാരമ്പര്യവും ഉണ്ടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ചില സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ താഴ്ന്നതാണെന്നാണ് ആര്‍എസ്എസ് പറയുന്നത്. ചില മതങ്ങള്‍ മറ്റു മതത്തേക്കാള്‍ താഴ്ന്നതാണെന്ന് ആര്‍എസ്എസ് പറയുന്നു. ചില ഭാഷകള്‍ മറ്റു ഭാഷയെക്കാള്‍ താഴ്ന്നതാണെന്നും അവര്‍ പറയുന്നു. ഇതാണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം. ഇത് അവസാനിക്കുന്നത് ലോക്‌സഭയിലോ പോളിംഗ് ബൂത്തിലോ ആകുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചു. ഇന്ത്യ ഒരു ആശയം മാത്രമാണെന്ന് ആണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇന്ത്യയെ ആശയങ്ങളുടെ ബഹുസ്വരമായാണ് കാണുന്നത് എന്നുമായിരുന്നു ടെക്‌സസിലെ ഡാലസില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.