top news

മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി

മലപ്പുറം: ഈ മാസം നാല് മുതല്‍ കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. വിഷ്ണു ജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തിയെന്നും നിലവില്‍ പോലീസ് കസ്റ്റഡിയിലാണെന്നും മലപ്പുറം എസ്പി എസ് ശശിധരന്‍ വ്യക്തമാക്കി. തിരോധാനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഊട്ടിയിലെ കൂനൂരില്‍വെച്ച് നേരത്തെ ഒരു തവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായിരുന്നു. ഇതോടെ ഊട്ടി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. വിവാഹത്തിന് നാല് ദിവസം മുമ്പായിരുന്നു വിഷ്ണുവിനെ കാണാതാകുന്നത്. പോലീസില്‍ കുടുംബക്കാര്‍ പരാതി നല്‍കിയത് മുതല്‍ തന്നെ വിഷ്ണുവിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചിരുന്നു.

സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സൂഹൃത്തില്‍ നിന്നും പണം വാങ്ങുന്നതിനായി പാലക്കാടേക്ക് പോകുന്നു എന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. തുടക്കത്തില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. സെപ്റ്റംബര്‍ നാലിന് രാത്രി 7.45-ന് പാലക്കാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചത് കാരണമാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

നാലാം തിയതിയാണ് വിഷ്ണുജിത്ത് അവസാനമായി വീട്ടിലേക്ക് ബന്ധപ്പെടുന്നത്. പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണു ജിത്ത് പാലക്കാട് കഞ്ചിക്കോട്ടെ സുഹൃത്തിന്റെ വീട്ടിലെത്തി പണം വാങ്ങിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഞ്ചിക്കോട്ടെത്തി പണം വാങ്ങിയ വിഷ്ണുജിത്ത് പാലക്കാടേക്ക് തിരികെ ബസില്‍ മടങ്ങിയെന്നും സുഹൃത്ത് ശരണ്‍ വ്യക്തമാക്കി.

അവസാനം വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തില്‍ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരിയും പറഞ്ഞിരുന്നു. കാണാതാകുന്ന ദിവസം എട്ടു മണിക്ക് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്‌നം ഉണ്ട്, അത് തീര്‍ത്തിട്ട് വരാം എന്ന് പറഞ്ഞു. എന്നാല്‍ എന്താണ് പ്രശ്‌നമെന്ന് ആരോടും പറഞ്ഞിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close