top news
‘എആര്‍എം’ വ്യാജ പതിപ്പ് പുറത്ത് ; ട്രെയിനിലിരുന്ന വീഡിയോ കാണുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സംവിധായകന്
ടൊവിനോ തോമസ് നായകനായി എത്തിയ ഓണം റിലീസ് ചിത്രം ‘എആര്‍എം’ ന്റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സിനിമയുടെ സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
‘ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ’, വീഡിയോ പങ്കുവച്ചുകൊണ്ട് സംവിധായകന് കുറിച്ചു. ജനശതാബ്ദി എക്സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സുഹൃത്താണ് ഒരാള്‍ ഫോണില്‍ സിനിമ കാണുന്നതിന്റെ ചിത്രം അയച്ചുതന്നത്. തന്റെയും ഈ സിനിമയ്ക്ക് പിന്നിലുള്ള മറ്റുള്ളവരുടെയും എട്ട് വര്‍ഷത്തെ സ്വപ്നമാണ് ഈ സിനിമയെന്നും ഇപ്പോള്‍ നടക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നാളെത്തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ പറഞ്ഞു.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ കാന്‍വാസില്‍ എത്തിയ ചിത്രമാണ് എആര്‍എം. ടൊവിനോയുടെ കരിയറിലെ 50-ാം ചിത്രവുമാണ് ഇത്. അജയന്, മണിയന്, കുഞ്ഞിക്കേളു എന്നിങ്ങനെ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അണിയറക്കാരുടെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമായ ചിത്രം 30 കോടി ബജറ്റിലാണ് തയ്യാറാക്കപ്പെട്ടത്. ഈ മാസം 12നാണ് സിനിമ റിലീസ് ചെയ്തത്. 3ഡിയിലും 2ഡിയിലുമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയതോടെ ഓണദിനങ്ങളില്‍ ഹൗസ്ഫുള് ഷോകളാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച നേട്ടമാണ് ചിത്രം സൃഷ്ടിച്ചത്. അതിനിടെയാണ് വ്യാജ പതിപ്പ് പുറത്തായിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും യുജിഎം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.