top news
ചിന്നക്കനാലില്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി
ഇടുക്കി ചിന്നക്കനാലില്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കി പഞ്ചായത്ത് സെക്രട്ടറി. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവെച്ച അഞ്ച് കെട്ടിടങ്ങള്‍ക്കാണ് തദ്ദേശ സ്ഥാപനം അനുമതി നല്‍കിയത്. സെക്രട്ടറിയുടെ നടപടി പരിശോധിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി.
ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങള്‍ക്കാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 2023-ല്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഈ കെട്ടിടങ്ങളില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും പാടില്ല എന്ന് ഹൈക്കോടതിവിധിയും നിലവിലുണ്ട്. ഈ വിധി മറികടന്നാണ് ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി. റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം സ്റ്റോപ്പ് മെമ്മോ കൊടുത്ത 7 കെട്ടിടങ്ങളില്‍ അഞ്ചെണ്ണത്തിന് അതേ സെക്രട്ടറി തന്നെ പ്രവര്‍ത്തന അനുമതിയും നല്‍കിയിരിക്കുന്നു.
കോടതിവിധിയെ പറ്റി അറിവില്ലായിരുന്നു എന്നാണ് പഞ്ചായത്ത് സെക്രട്ടറി വിശദീകരിക്കുന്നത്. അതേസമയം സ്റ്റോപ്പ് മെമോ നല്‍കിയ കെട്ടിടങ്ങളില്‍ ഏതെങ്കിലും തരത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് റവന്യു വകുപ്പ്.