top news
തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐയുടെ പാര്‍ട്ടി മുഖപത്രം ജനയുഗം. റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവക്കുന്നു എന്ന തലക്കെട്ടില്‍ എഴുതിയ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ് എഡിജിപിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്‌ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
തൃശൂര്‍ പൂരത്തിന്റെ ചുമതല മുഴുവന്‍ ജൂനിയറായ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് ശരിയല്ല. എഡിജിപി തന്നെ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത് പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്ന കണ്ടെത്തലാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. റവന്യു മന്ത്രിയുടെ പോലും യാത്രാ സൗകര്യം നിഷേധിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് വഴിയൊരുങ്ങി. സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹമാണ്. അന്വേഷണ റിപ്പോര്‍ട്ട് ഇത്രയും വൈകിയതില്‍ അടക്കം ദുരൂഹതയുണ്ട്. അട്ടിമറിയും ഗൂഢാലോചനയും ഇല്ലെങ്കില്‍ വസ്തു നിഷ്ഠമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിലുണ്ട്.