top news

അന്‍വറിന് പ്രതിപക്ഷ എംഎല്‍എയുടെ റോളിലേക്ക് മടങ്ങാം,വേണമെങ്കില്‍ കോണ്‍ഗ്രസിലേക്കും മടങ്ങാം ; താന്‍ എന്നും പാര്‍ട്ടിക്കൊപ്പം – കാരാട്ട് റസാഖ്

കോഴിക്കോട്: പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ പി വി അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ക്കൊപ്പം താനില്ലെന്ന് വ്യക്തമാക്കി കൊടുവള്ളിയിലെ സിപിഎം മുന്‍ സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. താന്‍ ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും സഹയാത്രികനാണെന്നും അതിനാല്‍ പാര്‍ട്ടിക്കും മുന്നണിക്കും ഒപ്പം നില്‍ക്കാനേ സാധിക്കൂവെന്നും റസാഖ് പറഞ്ഞു.

അന്‍വര്‍ ഇപ്പോള്‍ സ്വതന്ത്ര എം.എല്‍.എ. ആയി മാറിയെന്ന് പറഞ്ഞ റസാഖ്, പ്രതിപക്ഷ എംഎല്‍എയുടെ റോളിലേക്ക് അദ്ദേഹത്തിന് പോകാമെന്നും വേണമെങ്കില്‍ കോണ്‍ഗ്രസിലേക്ക് തിരികെ മടങ്ങാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.

താന്‍ ആദ്യഘട്ടത്തില്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നുവെന്നും റസാഖ് പറഞ്ഞു. ‘പാര്‍ട്ടിയും മുഖ്യമന്ത്രിയും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ അന്‍വറിന് നിര്‍ദേശം കൊടുത്തിരുന്നു. എന്നാല്‍ അന്‍വര്‍ ഇതിനോട് സഹകരിക്കാന്‍ തയ്യാറായില്ല. വീണ്ടും വീണ്ടും ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

പാര്‍ട്ടിയും മുന്നണിയും മുഖ്യമന്ത്രിയും അദ്ദേഹത്തോട് ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും പ്രയാസം നേരിട്ടതാവാം ഇത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. വിവാദവിഷയങ്ങളില്‍ അന്‍വറിന് ബോധ്യപ്പെട്ട കാര്യങ്ങള്‍ എന്താണെന്ന് തനിക്കറിയില്ല. പാര്‍ട്ടി നിര്‍ദേശം മറികടന്നുള്ള അഭിപ്രായപ്രകടനം അന്‍വറിന്റെ തീരുമാനമാണ്. ഓരോ മനുഷ്യര്‍ക്കും അഭിപ്രായവും നിലപാടുമുണ്ട്. അദ്ദേഹത്തിന്റെ ശൈലിയുമായി അദ്ദേഹത്തിന് പോകാം’, കാരാട്ട് റസാഖ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close