top news
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി.
രണ്ട് മാസത്തിനിടെ 14 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 10 പേര്‍ രണ്ടാഴ്ച മുമ്പ് പൂര്‍ണമായും രോഗമുക്തി നേടി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തില്‍ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാല്‍ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തില്‍ എത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്.
തലവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അതേസമയം രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധര്‍ പറയുന്നു.