top news
സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഏര്‍പ്പെടുത്തിയ നമ്പര്‍ നിയമവിരുദ്ധം; ഫെഫ്കയ്‌ക്കെതിരെ ഫിലിം ചേംബറിന്റെ പരാതി
കൊച്ചി: ഫെഫ്കയ്‌ക്കെതിരെ സര്‍ക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബര്‍ കത്തയച്ചു. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് കത്തയച്ചിരിക്കുന്നത്.
ഫിലിം ചേംബറിന്റെ മേല്‍നോട്ടത്തില്‍ എല്ലാ സെറ്റുകളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിന് പുറമേ ഫെഫ്ക സ്വന്തം നിലയില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയതാണ് തര്‍ക്കകാരണം. ഫെഫ്കയ്ക്ക് എതിരേ നടപടി വേണമെന്നാണ് ഫിലിം ചേംബര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ 24 മണിക്കൂര്‍ ടോള്‍ ഫ്രീ സേവനത്തിന് ഫെഫ്ക കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകള്‍ ആയിരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്കയുടെ പുതിയ സേവനം. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതികള്‍ ഗുരുതര സ്വഭാവമുള്ളതാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഫെഫ്ക അറിയിച്ചിരുന്നത്.