KERALAlocaltop news

നാലു കോടിയുടെ സൈബർ തട്ടിപ്പ്: മുഖ്യ പ്രതികളെ രാജസ്ഥാനിൽ നിന്നും അതിസാഹസീകമായി പിടി കൂടി കോഴിക്കോട് സിറ്റി പോലീസ്

** വഞ്ചിക്കപ്പെട്ടത് കോഴിക്കോട് സ്വദേശി

കോഴിക്കോട് :                            സൈബര്‍ തട്ടിപ്പ് വഴി നാല് കോടി തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ രാജസ്ഥാനിൽ വച്ച് കോഴിക്കോട് സിറ്റി സൈബർ പോലീസ് സാഹസികമായി പിടികൂടി.
കോഴിക്കോട് സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4,08,80,457 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യ പ്രതിയെയും കൂട്ടു പ്രതിയെയും രാജസ്ഥാനിലെ ബഡി സാദരിയില്‍ വെച്ച് കോഴിക്കോട് സൈബര്‍ പോലീസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ വാട്സാപ്പ് വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ട് തനിക്ക് കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെടുകയും തുടര്‍ന്ന് ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലായതിനാല്‍ സഹായം അഭ്യര്‍ഥിച്ച് വിവിധങ്ങളായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും അയച്ച് പരാതിക്കാരന്റെ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്തുകൊണ്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ആരംഭിച്ചത്. പിന്നീട്, വാങ്ങിയെടുത്ത പണം തിരികെ നല്‍കാനായി പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ കുടുംബസ്വത്ത് വില്‍പ്പന നടത്തി തിരികെ നല്‍കാമെന്നും എന്നാല്‍ വില്‍പ്പന ഇടപപാട് നത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപ സാഹചര്യമുണ്ടായി എന്നും ആത്മഹത്യയും കൊലപാതകവും ഉള്‍പ്പെടെ നടന്നു എന്നും പരാതിക്കാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പരാതിക്കാരനില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.
കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയതില്‍ കേസിലെ പ്രതികള്‍ രാജസ്ഥാനിലെ ബഡി സാദരി, ചിറ്റോര്‍ഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നതായി വ്യക്തമായതില്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുണ്‍ കെ പവിത്രന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. അങ്കിത് സിംഗ് ഐ.പി.എസ്.-ന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കെ ആര്‍ അന്വേഷണ ഉദ്യോഗസ്ഥനായും എ.എസ്.ഐ.മാരായ ശ്രീ. ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ്‌ ചാലിക്കര, സീനിയര്‍ സിവില്‍ പോലീസ് ഓഫീര്‍മാരായ നൌഫല്‍ കെ എം, ഫെബിന്‍ കെ ആര്‍ എന്നിവര്‍ സംഘാംഗങ്ങള്‍ ആയുമുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളുടെ നാട്ടിലെത്തുകയും പ്രസ്തുത സ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയും മുഖ്യ പ്രതിയായ സുനില്‍ ദംഗിയെയും (48 വയസ്സ്) കൂട്ടു പ്രതിയായ ശീതള്‍ കുമാര്‍ മേഹ്ത്തയെയും (28 വയസ്സ്) ബഡി സാദരിയില്‍ വെച്ച് തന്ത്രപരമായി പിടി കൂടുകയുമായിരുന്നു.
പരാതിക്കരനെ ഫോണ്‍ വഴിയും വാട്സാപ്പ് വഴിയും നേരിട്ട് ബന്ധപ്പെട്ട മുഖ്യ പ്രതിയായ സുനില്‍ ദംഗി രാജസ്ഥാനിലെ ചിറ്റോര്‍ഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിന്‍ എന്നിവിടങ്ങളിലെ വിവിധ ചൂതാട്ട കേന്ദ്രങ്ങള്‍ മുഖേന സംഘടിപ്പിക്കുന്ന ബാങ്ക് എക്കൌണ്ടുകള്‍ വഴിയും കൂട്ടുപ്രതിയായ ബഡി സാദരിയിലെ ശീതള്‍ കുമാര്‍ മേഹ്ത്തയുടെ ബാങ്ക് എക്കൌണ്ട് ഉപയോഗിച്ചുമാണ് പണം തട്ടിയെടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തട്ടിയെടുത്ത പണം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഓണ്‍ ലൈന്‍ ഗാംബ്ലിംഗ്, ഗെയ്മിംഗ് സൈറ്റുകളിലും ചെലവഴിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് എക്കൌണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പ്രതികളിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുള്ളതാണ്. മൊബൈല്‍ ഫോണുകളില്‍ നിന്നും ഇരയുമായി നടത്തിയ വാട്സാപ്പ് ചാറ്റ്കളുടെയും ബാങ്ക് ട്രാന്‍സാക്ഷനുകളുടെയും വിവരങ്ങള്‍ പോലീസ് സംഘം കണ്ടെടുത്തു. ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തിയ സൈബർ പോലീസ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് എത്തിയത്.
രാജസ്ഥാനിലെ ദുംഗ്ഗര്‍പൂര്‍ സ്വദേശിയെന്നും അമിത് ജെയിന്‍ എന്നും പരിചയപ്പെടുത്തിയ പ്രതി കഴിഞ്ഞ ജനുവരി മാസം അവസാനമാണ് താനും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയില്‍ ആണെന്നും അമ്മയുടെ മരണത്തിലേക്കും സഹോദരിയുടെ ആത്മഹത്യയിലേക്കും നയിക്കുന്ന സാഹചര്യമാണെന്നും ആശുപത്രി ചെലവിനു പണം ആവശ്യമുണ്ട് എന്നും വിശ്വസിപ്പിച്ച് സഹായം അഭ്യര്‍ഥിച്ച് പരാതിക്കാരനെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് പരാതിക്കാരന്റെ സഹതാപം പിടിച്ച് പറ്റുകയും കടക്കെണിയില്‍ ആയതിനാല്‍ കുടുംബാംഗങ്ങള്‍ അടക്കം പോലീസ് കേസില്‍ പ്രതികളായി എന്നും അയാളുടെ കൈവശമുണ്ടായിരുന്നതും ഇതര സമുദായക്കാരടക്കം കയ്യടക്കി വെച്ചിരുന്നതുമായ ഭൂമി അവിടുത്തെ പോലീസ് ഇന്‍സ്പെക്ടര്‍, എ.സി.പി എന്നിവര്‍ അടക്കം ഇടപെട്ടിട്ടും വില്പന നടത്താനായില്ലെന്നും പരാതിക്കാരന്‍ സഹായിക്കാനായി പണം നല്‍കാത്തത് കൊണ്ട് അവിടെ സാമുദായിക സംഘര്‍ഷം ഉണ്ടായതില്‍ ഒരാള്‍ കൊല്ലപ്പെടാനിടയായി എന്നും തുടര്‍ന്ന് സഹോദരി പരാതിക്കാരന്റെ പേര് ആത്മഹത്യകുറിപ്പില്‍ എഴുതി ജീവെനൊടുക്കി എന്നും മറ്റും പറഞ്ഞ് ആത്മഹത്യ കുറിപ്പ് വ്യാജമായി ഉണ്ടാക്കി അയച്ച് കൊടുത്ത് തെറ്റിദ്ധരിപ്പിച്ച് കൊലക്കുറ്റത്തിന് പരാതിക്കാരന്‍ പോലീസ് കേസില്‍ പ്രതിയാകുമെന്നും അവിടെ നിന്നും ആളുകള്‍ വന്നു പരാതിക്കാരനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ഇടയാകുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി 31/01/2024 തിയ്യതി മുതല്‍ ആഗസ്റ്റ് മാസം 23 വരെയുള്ള ദിവസങ്ങളിലായി പല തവണകളിലായി 4,08,80,457 രൂപ തട്ടിയെടുക്കുകയായിരുന്നു. പിടികൂടിയ പ്രതികളെ ഉടനെ കോടതി മുമ്പാകെ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close