top news
ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍ ട്വിസ്റ്റ് ; കോണ്‍ഗ്രസിന് ആശങ്ക, ലീഡ് ഉയര്‍ത്തി ബിജെപി
ഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ടിടങ്ങളിലും പ്രവചിക്കാനാവാത്ത രീതിയിലാണ് ഫലം മാറിവരുന്നത്. ഫലം വന്ന് 9.45 ആവുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് 40, ബിജെപി 43, മറ്റുള്ളവ-7 എന്നിങ്ങനെയാണ് ലീഡ്.അതേസമയം നേരത്തെ, കോണ്‍ഗ്രസ് മുന്നിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.എന്നാല്‍ നിലവില്‍ ലീഡ് മാറിമറിയുന്നതിനിടയില്‍ കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് നേതാക്കള്‍ക്ക് ആശങ്കയുടെ നിഴല്‍ പടരുകയാണ്. എഐസിസിയിലെ ആഘോഷം നിര്‍ത്തി വെച്ചു.
അതേസമയം നീണ്ട ഒരിടവേളയ്ക്ക് ശേഷം നിയസഭയിലേക്ക് ജനവിധി തേടിയ കശ്മീരിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കശ്മീരില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യഫലങ്ങളില്‍ കോണ്‍ഗ്രസ്-എന്‍സി സഖ്യം മുന്നിട്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവില്‍ കാണുന്നത്. കശ്മീരില്‍ സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നതിനിടെ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്ന് ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചു.
ആരുമായും അകല്‍ച്ചയില്ലെന്നും പൂര്‍ണ്ണ ഫലം വന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേസമയം, മെഹബൂബയുടെ മകള്‍ ഇല്‍ത്തി ജ പിന്നിലാണ്. നിലവില്‍ രണ്ട് മണ്ഡലങ്ങളിലും ഒമര്‍ അബ്ദുള്ള മുന്നിലാണ്. പുല്‍വാമയില്‍ ജമാ അത്തെ ഇസ്ലാമി നേതാവ് തലത്ത് മജീദ് ഏറെ പിന്നിലാണ്. സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി 448 വോട്ടിനും മുന്നിലാണ്.
അതിനിടെ, ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ മണിക്കൂറില്‍ ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നതാണ് പുറത്തുവരുന്നത്. ജുലാന സീറ്റില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് വിനേഷിന്റെ എതിരാളി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ വിനേഷ് തെരഞ്ഞെടുപ്പ് ഗോദയില്‍ കരുത്ത് തെളിയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഒളിംപിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്‌സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഒപ്പം ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയില്‍ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.